തിരുവല്ല : ലോക പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 125-ാമത് മഹായോഗം 2020 ഫെബ്രുവരി 9-ാം തീയതി ഞായറാഴ്ച മുതല്‍ 16-ാം തീയതി ഞായറാഴ്ച വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും. മണല്‍പ്പുറത്തേക്കുള്ള പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം ജനുവരി രണ്ടിന് അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ നിര്‍വ്വഹിച്ചു.
ഫെബ്രുവരി 9-ാം തീയതി ഞായറാഴ്ച 2.30 ന് മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ആര്‍ച്ച് ബിഷപ്പ് കെയ് മാരി ഗോഡ്‌സ്‌വര്‍ത്തി (ഓസ്‌ട്രേലിയ), ബിഷപ്പ് ഡിനോ ഗബ്രിയേല്‍ (സൗത്ത് ആഫ്രിക്ക), റവ.ഡോ.മോണോദീപ് ഡാനിയേല്‍ (ഡല്‍ഹി), റവ.ഡോ.ജോണ്‍ സാമുവേല്‍ (ചെന്നൈ) എന്നിവര്‍ ഈ വര്‍ഷത്തെ മുഖ്യ പ്രസംഗകരാണ്.
2020 ലെ മാരാമണ്‍ കണ്‍വന്‍ഷന്‍ ശതോത്തര രജതജൂബിലിയായി ആഘോഷിക്കുകയാണ്. 1895-ല്‍ ആരംഭിച്ച മാരാമണ്‍ കണ്‍വന്‍ഷന്‍ ദൈവവചനത്തിന്റെ പ്രഘോഷണ വേദിയാണ്. തിരുവചനപഠനത്തിലൂടെ വ്യക്തിയും സഭയും നവീകരിക്കപ്പെടുകയും സഭ സമൂഹത്തിന് അനുഗ്രഹമായി തീരുകയും വേണം. കണ്‍വന്‍ഷനില്‍ മുഴങ്ങിയ സന്ദേശങ്ങള്‍ സാമൂഹ്യ മാറ്റങ്ങള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്. കാലഘട്ടങ്ങളുടെ വെല്ലുവിളികളോടുള്ള ദൈവവചനത്തിന്റെ മറുപടിയാണ് കണ്‍വന്‍ഷന്‍ പ്രസംഗകരിലൂടെ മാരാമണ്ണില്‍ മുഴങ്ങി കേള്‍ക്കുന്നത്. ഡോ. സ്റ്റാന്‍ലി ജോണ്‍സ്, ഡോ. കഗാവ, സാധു സുന്ദര്‍സിംഗ് തുടങ്ങി പുകള്‍പെറ്റ ആദ്ധ്യാത്മിക നേതാക്കള്‍ തങ്ങളുടെ വചനഘോഷണത്തിലൂടെ മാരാമണ്‍ കണ്‍വന്‍ഷനെ ധന്യമാക്കി. ദേശത്തിന്റെ മൂല്യബോധത്തില്‍ കാതലായ മാറ്റം സൃഷ്ടിക്കുന്നതിന് ഇടയാക്കിയ മാരാമണ്‍ കണ്‍വന്‍ഷന്‍ ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിടുന്നു.
കാലദേശങ്ങളെ അതിജീവിച്ച് ഒരു പ്രസ്ഥാനം ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിടുന്നതും, അത് ഇന്നും സമൂഹത്തിന് അനുഗ്രഹമായി നിലകൊള്ളുന്നതും അത്ഭുതാദരങ്ങളോടെയേ നോക്കിക്കാണുവാന്‍ കഴിയുകയുള്ളൂ. ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 2019 ലെ മാരാമണ്‍ കണ്‍വന്‍ഷനില്‍ നിര്‍വ്വഹിച്ചു. ജൂബിലിയുടെ ഭാഗമായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു.
സുവിശേഷ പ്രസംഗസംഘമായി ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്ത രണ്ട് സംസ്ഥാനങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുക.
രാജ്യത്തിന്റെ അഭ്യുന്നതി, ദേശത്തിന്റെ നന്മ, ജനത്തിന്റെ അനുഗ്രഹം, അഭിവൃദ്ധി എന്നിവയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായി ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍ 125 പ്രാര്‍ത്ഥനാ സംഗമങ്ങള്‍ സംഘടിപ്പിക്കുക.
മാരാമണ്‍ കണ്‍വന്‍ഷന്‍ ശതോത്തര രജതജൂബിലിയുടെ ഭാഗമായി ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, മലയാളം എന്നീ ഭാഷാടിസ്ഥാനത്തിലുള്ള വിശ്വാസസംഗമങ്ങള്‍ ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുക.
മാരാമണ്‍ കണ്‍വന്‍ഷന്റെ 125 വര്‍ഷത്തെ ചരിതചരിത്രഗ്രന്ഥം പ്രസിദ്ധീകരിക്കുക, 25 മിഷന്‍ ഭവനങ്ങള്‍ നിര്‍മ്മിക്കുക.
മാരാമണ്‍ കണ്‍വന്‍ഷന്റെ 125 വര്‍ഷത്തെ ചരിത്രവും സുവിശേഷ പ്രസംഗസംഘത്തിന്റെ പ്രവര്‍ത്തനങ്ങളും വിശദമാക്കുന്ന എക്‌സിബിഷന്‍ മണല്‍പ്പുറത്ത് ക്രമീകരിക്കുക.
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10.00 നും ഉച്ചയ്ക്ക് 2.00 നും വൈകിട്ട് 05.00 നും നടക്കുന്ന പൊതുയോഗങ്ങള്‍ക്കു പുറമെ രാവിലെ 7.30 മുതല്‍ 8.30 വരെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യകം പ്രത്യേകമുള്ള ബൈബിള്‍ ക്ലാസ്സുകളും, കുട്ടികളുടെ പ്രത്യേക യോഗവും നടക്കും. 12-ാം തീയതി ബുധനാഴ്ച രാവിലെ 10.00 ന് എക്യുമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലദ്ധ്യക്ഷന്മാര്‍ പെങ്കടുക്കും. ഉച്ചയ്ക്ക് 2.00 ന് സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ സമ്മേളനം നടക്കും.
ബുധനാഴ്ച വൈകിട്ട് 4 ന് മദ്യവര്‍ജ്ജന സമിതിയുടെ നേതൃത്വത്തില്‍ പ്രത്യേക കൂട്ടായ്മയുണ്ട്. വ്യാഴം മുതല്‍ ശനി വരെ യുവജനങ്ങള്‍ക്കുവേണ്ടിയുള്ള യുവവേദി യോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കണ്‍വന്‍ഷനുവേണ്ടി പ്രത്യേക ഗായകസംഘത്തിന്റെ പരിശീലനം നടന്നുവരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സന്നദ്ധ സുവിശേഷക സംഘത്തിന്റെയും, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളാണ്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് സുവിശേഷപ്രസംഗസംഘത്തിന്റെ മിഷനറി യോഗമായി ക്രമീകരിച്ചിരിക്കുന്നു.
പൂര്‍ണ്ണസമയ സുവിശേഷവേലയ്ക്കായുള്ള പ്രതിഷ്ഠാശുശ്രൂഷ കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 7.30 ന് നടക്കും. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 15-ാം തീയതി വെള്ളിയാഴ്ചയും, 12 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് 15-ാം തീയതി ശനിയാഴ്ചയും പ്രതിഷ്ഠാശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നു. അഭിവന്ദ്യ തിരുമേനിമാര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.
മാരാമണ്‍ കണ്‍വന്‍ഷനിലെ അച്ചടക്കം സുപ്രസിദ്ധമാണ്. യോഗങ്ങളില്‍ ക്രമപരിപാലനത്തിനായി വൈദികരും അത്മായ വോളന്റിയര്‍മാരും നേതൃത്വം നല്‍കും. ഉദ്ഘാടന യോഗത്തിലും വെള്ളി, ശനി, ഞായര്‍ രാവിലത്തെ യോഗങ്ങളിലും സ്‌തോത്രകാഴ്ച ശേഖരിക്കും. മറ്റു യോഗങ്ങളില്‍ സംബന്ധിക്കുന്നവര്‍ക്ക് പന്തലില്‍ ക്രമീകരിച്ചിരിക്കുന്ന പെട്ടികളില്‍ സ്‌തോത്രകാഴ്ച അര്‍പ്പിക്കാവുന്നതാണ്.
കേന്ദ്ര-കേരള സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കണ്‍വന്‍ഷന്‍ ക്രമീകരണങ്ങളില്‍ നിര്‍ലോഭം സഹകരിക്കുന്നു. കണ്‍വന്‍ഷന്‍ നഗറില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനും നദിയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും റോഡുകളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിനും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആവശ്യമായ ക്രമീകരണം ചെയ്യുന്നു. കെ.എസ്.ആര്‍.ടി.സി. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രത്യേകം ബസ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നു. പോലീസ്, അഗ്നിശമന സേന, ആരോഗ്യവകുപ്പ്, ടെലികോം, വൈദ്യുതി തുടങ്ങിയ വകുപ്പുകളും കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നു.
മാരാമണ്‍ മഹായോഗത്തില്‍ ജനലക്ഷങ്ങളാണ് പങ്കെടുക്കുന്നത്. യാതൊരുവിധ പ്രകൃതി മലിനീകരണവും സംഭവിക്കാത്തവിധത്തില്‍ ഹരിത നിയമാവലി അനുസരിച്ച് കണ്‍വന്‍ഷന്‍ ക്രമീകരിക്കാന്‍ സംഘാടകസമിതി താല്‍പ്പര്യപ്പെടുന്നു. പമ്പാനദിയും മണല്‍തിട്ടയും പരിസരപ്രദേശങ്ങളും മാലിന്യവിമുക്തമായി സൂക്ഷിക്കുവാനുള്ള ക്രമീകരണങ്ങളില്‍ കണ്‍വന്‍ഷന്‍ സംഘാടകരും പ്രാദേശിക ഭരണകൂടവും പങ്കുചേരുന്നു.
മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് കണ്‍വന്‍ഷന്‍ ക്രമീകരിക്കുന്നത്. 1888 ല്‍ സമാരംഭിച്ച മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ മിഷനറി പ്രസ്ഥാനമാണ്. മാര്‍ത്തോമ്മ സഭയുടെ പരമാദ്ധ്യക്ഷനായ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയും സംഘം പ്രസിഡന്റ് ഡോ.യൂയാക്കീം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പയും കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. പ്രസംഗസംഘത്തിന്റെ ജനറല്‍ സെക്രട്ടറി റവ.ജോര്‍ജ് ഏബ്രഹാം കൊറ്റനാട് ജനറല്‍ കണ്‍വീനറായുള്ള 24 സബ് കമ്മറ്റികള്‍ കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സഭയുടെയും, ഭദ്രാസനങ്ങളുടെയും, വിവിധ സംഘടനകളുടെയും, സ്ഥാപനങ്ങളുടെയും, ഓഫീസുകളും സ്റ്റാളുകളും കണ്‍വന്‍ഷന്‍ നഗറില്‍ പ്രവര്‍ത്തിക്കുന്നതാണ്.
പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി റവ.ജോര്‍ജ് എബ്രഹാം കൊറ്റനാട്, ലേഖക സെക്രട്ടറി സി.വി. വറുഗീസ്, സഞ്ചാര സെക്രട്ടറി റവ.സാമുവേല്‍ സന്തോഷം എസ്., ട്രഷറാര്‍ അനില്‍ മാരാമണ്‍, പ്രസ്സ് & മീഡിയ കമ്മറ്റി കണ്‍വീനര്‍മാരായ ഡോ.എബി തോമസ് വാരിക്കാട്, പി.കെ. കുരുവിള, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ പി.പി.അച്ചന്‍കുഞ്ഞ്, ഡോ.ജോര്‍ജ് മാത്യു, ജോസ് പി. വയയ്ക്കല്‍, സജി എം. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.