കൊച്ചി : നൊബേല്‍ സമ്മാന ജേതാവിനെ തടഞ്ഞ് നാടിന് നാണക്കേടുണ്ടാക്കിയ കേസില്‍ നാലു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബ്രാഞ്ച് സെക്രട്ടറിയും സിഐടിയു പ്രാദേശിക നേതാവും ഉള്‍പ്പെടെയുള്ളവരാണ് ആലപ്പുഴ പുളിങ്കുന്ന് പോലീസിന്റെ പിടിയിലായത്. അതേസമയം താന്‍ സഞ്ചരിച്ച വഞ്ചിവീട് തടഞ്ഞതില്‍ പരാതിയില്ലെന്ന് മൈക്കിള്‍ ലെവിറ്റ് ഇന്ന് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആലപ്പുഴ, കോട്ടയം കലക്ടര്‍മാര്‍ ലെവിറ്റുമായി കൂടിക്കാഴ്ച നടത്തി. ആലപ്പുഴ, കോട്ടയം കളക്ടര്‍മാര്‍ രാവിലെ കുമരകത്ത്എത്തിയാണ് മൈക്കിള്‍ ലെവിറ്റിനെ കണ്ടത്. ലെവിറ്റ് സര്‍ക്കാരിന്റെയല്ല സര്‍വകലാശാലയുടെ അതിഥിയായിരുന്നുവെന്ന് കോട്ടയം കലക്ടര്‍ പറഞ്ഞു.
കൈനകരി സ്വദേശികളായ സിപിഎം, സിഐടിയു, കെഎസ്‌കെടിയു പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇവരില്‍ ജോളി ഐസക് സിപിഎന്റെ ആര്‍ ബ്ലോക്ക് ബ്രാഞ്ച് സെക്രട്ടറിയാണ്. സാബു മുന്‍ ബ്രാഞ്ച് സെക്രട്ടറിയും സുധീര്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനുമാണ്. അജിത് കുമാര്‍ സിഐടിയു പ്രാദേശിക നേതാവാണ്. സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തല്‍ ഉള്‍പ്പടെ നാലു വകുപ്പുകള്‍ ആണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. കലക്ടര്‍മാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം വിവാദങ്ങള്‍ക്കില്ലെന്നും കേരളവും ജനങ്ങളും മനോഹരമാണെന്നും ലെവിറ്റ് നിലപാട് മയപ്പെടുത്തി. അതേസമയം, ടൂറിസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി. കൊച്ചിയില്‍ അസന്‍ഡ് നിക്ഷേപക സംഗമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.