പത്തനംതിട്ട : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് കേരളം ലോക നിലവാരത്തിലെത്തിച്ചേരുമെന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രെഫ. സി. രവീന്ദ്രനാഥ്. കാരംവേലി എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വളര്‍ച്ചയും തുടര്‍ച്ചയും എന്ന വിഷയത്തെപ്പറ്റി സംഘടിപ്പിച്ച ആറന്മുള നിയോജക മണ്ഡലതല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ശിശുകേന്ദ്രീകൃത വിദ്യാഭ്യാസ രീതിയാണ് അവലംബിക്കേണ്ടത്. വിദ്യാഭ്യാസത്തെ ജനകീയവത്ക്കരിക്കുകയും ആധുനികവത്ക്കരിക്കുകയും ചെയ്യുന്നതിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യസം നിലവാരം ലോക നിലവാരത്തില്‍ എത്തിക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്‌കൂളുകളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ജനങ്ങളെ പങ്കാളികളാക്കുകയാണു പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഉദ്ദേശിക്കുന്നത്. ആധുനികവത്ക്കരണം പാഠ്യ പദ്ധതിയാണ് ആദ്യം നടപ്പാക്കേണ്ടത്. വിവരങ്ങള്‍ ശേഖരിക്കുന്നതാണു വിദ്യാഭ്യാസം എന്നാതാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ഈ വിവരങ്ങളെ അറിവിലേക്ക് എത്തിക്കുക എന്നതാണ് പൊതു വിദ്യാഭ്യാസത്തില്‍ അധ്യാപകരുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ചിന്തയെ വളര്‍ത്തുക എന്നതാണ് ഇതിനുള്ള മാര്‍ഗം. കുട്ടികളുടെ ബൗദ്ധിക തലം പരിമിതപ്പെടുത്തുന്നതാണു നിലവിലുള്ള വിദ്യാഭ്യസ പദ്ധതിയുടെ പരിമിതി. അധ്യാപകര്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുമ്പോള്‍ ആ പഠനം വെറും വിഷയ പഠനം മാത്രമായി ചുരുക്കരുത്. ജീവിതപഠനംകൂടി അവര്‍ക്ക് പകര്‍ന്നുകൊടുക്കണമെന്നും പരീക്ഷയില്‍ മാത്രമല്ല ജീവിതത്തിലും എ പ്ലസ് നേടാന്‍ അവരെ പ്രാപ്തരാക്കുകയാണു പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ അധ്യാപകര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യനെ മനുഷ്യനാക്കുന്ന പ്രക്രിയയാണു വിദ്യാഭ്യാസമെന്നും മൃഗമാക്കുന്ന മയക്കുമരുന്നുപോലെയുളള വസ്തുക്കളെ സ്‌കൂള്‍, കോളേജ് ക്യാമ്പസുകളില്‍ നിന്നും അകറ്റിനിര്‍ത്തേണ്ടതുണ്ടെന്നും മദ്യം, പുകയില, മയക്കുമരുന്ന് പോലുള്ളവയില്‍ നിന്ന് പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം ഡ്രഗ് ഫ്രീ ക്യാമ്പസ് എന്ന ആശയം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും 18ന് സ്‌പെഷ്യല്‍ പി.ടി.എ വിളിച്ചുകൂട്ടുമെന്നും അദേഹം പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണു മണ്ഡലാടിസ്ഥാനത്തില്‍ ഇത്തരത്തിലൊരു സെമിനാര്‍ സംഘടിപ്പിക്കുന്നതെന്നും ഇത് അപൂര്‍വമാണെന്നും വിദ്യാഭ്യാസ സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു. അധ്യാപകരോടും രക്ഷകര്‍ത്താക്കളോടും വിദ്യാഭ്യാസ മന്ത്രി എന്നതില്‍ നിന്നും നല്ല അധ്യാപകന്‍ എന്ന നിലയില്‍ അദ്ദേഹം സംസാരിച്ചപ്പോള്‍ സദസിനും അത് നവ്യാനുഭവമായി.
ആറന്മുള നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടെ കഴിഞ്ഞ മൂന്നര വര്‍ഷമായി വിദ്യാഭ്യാസ മേഖലയില്‍ വലിയമാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് അധ്യക്ഷപ്രസംഗത്തില്‍ വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ആറന്മുള നിയോജക മണ്ഡലത്തില്‍ 20 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണു വിദ്യാഭ്യാസവകുപ്പ് നടത്തിയിട്ടുള്ളതെന്നും എം.എല്‍.എ പറഞ്ഞു.
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി മുകുന്ദന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണകുറുപ്പ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ ശാന്തമ്മ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വത്സല, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.രാജേഷ,് കാരംവേലി എസ്.എന്‍.ഡി.പി എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ കെ.എസ് സിനികുമാരി, ആറന്മുള നിയോജകമണ്ഡലത്തിലെ പ്രഥമ അധ്യാപകര്‍, അധ്യാപക പ്രതിനിധികള്‍, രക്ഷകര്‍തൃ പ്രതിനിധികള്‍, വിദ്യാഭ്യാസപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.