പത്തനംതിട്ട : ഫെബ്രുവരി ഒന്‍പതു മുതല്‍ 16 വരെ നടക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു.
കണ്‍വന്‍ഷന്‍ കാലയളവില്‍ പമ്പ നദിയിലെ ജല വിതാനം ക്രമീകരിക്കണമെന്ന് മൂഴിയാര്‍ കെ.എസ്.ഇ.ബി ജനറേഷന്‍ സര്‍ക്കിളിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. കണ്‍വന്‍ഷന്‍ നഗറിലും സമീപ പ്രദേശങ്ങളിലും കെ.എസ്.ഇ.ബി വിഭാഗം വൈദ്യുതി വിതരണം ഉറപ്പാക്കും. തകരാറിലായ തെരുവുവിളക്കുകള്‍ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ നന്നാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും. പമ്പ ഇറിഗേഷന്‍ വിഭാഗം മണിയാര്‍ ഡാമില്‍ നിന്നുമുള്ള ജലനിര്‍ഗമനം നിയന്ത്രിക്കണം. കണ്‍വെന്‍ഷന്‍ നഗറിലെ താത്ക്കാലിക പാലത്തിന്റെ സുരക്ഷ പരിശോധിച്ച് നദിയിലെ ജലനിരപ്പ് ആവശ്യമെന്ന പക്ഷം ക്രമീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
കണ്‍വന്‍ഷന്‍ നഗറിലേക്കുള്ള എല്ലാ റോഡുകളും പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൊതുമരാമത്തു നിരത്ത് വിഭാഗം അടിയന്തരമായി പൂര്‍ത്തിയാക്കണം. കണ്‍വന്‍ഷന്‍ നഗറിലെ പന്തലിന്റെയും സ്റ്റേജിന്റെയും ഫിറ്റ്നസ് പൊതുമരാമത്ത് കെട്ടിട വിഭാഗം പരിശോധിച്ച് സാക്ഷ്യപത്രം കണ്‍വന്‍ഷന്‍ തുടങ്ങുന്നതിന് മൂന്നു ദിവസം മുന്‍പായി നല്‍കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. വാട്ടര്‍ അതോറിറ്റി 24 മണിക്കൂറും കുടിവെള്ള ലഭ്യത ഉറപ്പാക്കും. ആവശ്യാനുസരണം താല്‍ക്കാലിക ടാപ്പുകള്‍ സ്ഥാപിക്കും. ആരോഗ്യ വകുപ്പ് താല്‍ക്കാലിക ഡിസ്പെന്‍സറിയും ആംബുലന്‍സ് സൗകര്യവും ക്രമീകരിക്കും. കണ്‍വന്‍ഷന്‍ നഗറില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തും.
പത്തനംതിട്ട, ചെങ്ങന്നൂര്‍, പന്തളം, കൊട്ടാരക്കര, തിരുവല്ല, അടൂര്‍ എന്നീ കെ.എസ്.ആര്‍.ടി.സി സ്റ്റേഷനുകളില്‍ നിന്നും ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ നടത്തും. കൂടാതെ താല്‍ക്കാലിക ബസ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കും. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വിവിധ ക്രമീകരണങ്ങള്‍ ഒരുക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ നിര്‍മാര്‍ജനം, വഴിവിളക്കുകള്‍ എന്നിവയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് റോഡ് സൈഡിലുള്ള അനധികൃത കച്ചവടം ഒഴിപ്പിക്കാന്‍ കളക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു. കണ്‍വന്‍ഷന്‍ കാലയളവില്‍ യാചക നിരോധനം ഏര്‍പ്പെടുത്താനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. താല്‍ക്കാലിക ശുചിമുറികള്‍ സ്ഥാപിക്കും.
മുന്‍വര്‍ഷങ്ങളിലേതുപോലെ അഗ്നിശമനസേനയുടെ സേവനം ഉറപ്പുവരുത്തും. കണ്‍വന്‍ഷന്‍ നഗറിലെ പാര്‍ക്കിംഗ്, ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം എന്നിവയ്ക്കുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും. കണ്‍വന്‍ഷന്‍ നഗറിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യ വില്പന, നിരോധിത ലഹരി വസ്തുക്കളുടെ വില്പന എന്നിവ തടയുന്നതിനുള്ള നടപടികള്‍ എക്‌സൈസ് സ്വീകരിക്കും. പന്തലിലെ താല്‍ക്കാലിക വൈദ്യുതീകരണ ജോലികള്‍ പരിശോധിച്ചു കണ്‍വന്‍ഷനു മൂന്നു ദിവസം മുന്‍പായി സാക്ഷ്യപത്രം നല്‍കും. മാരാമണ്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചു പമ്പ നദിയില്‍ ഉണ്ടാകുന്ന മാലിന്യം നിമാര്‍ജനം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ബീനാ റാണി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്‍. കൃഷ്ണകുമാര്‍, ജലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടുര്‍, കോഴഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ് പ്രകാശ് കുമാര്‍, മാര്‍ത്തോമ്മാ സഭ ട്രസ്റ്റി പി.പി. അച്ചന്‍കുഞ്ഞ്, കറസ്‌പോണ്ടിംഗ് സെക്രട്ടറി സി.വി. വര്‍ഗീസ്, മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ. ജോര്‍ജ് അബ്രഹാം, തിരുവല്ല തഹസീല്‍ദാര്‍ ജോണ്‍ വര്‍ഗീസ്, കോഴഞ്ചേരി തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.