റാന്നി : പമ്പാനദിയിൽ വരവൂർ-മാരാന്തോട്ടം കരകളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള മാരാന്തോട്ടത്തിൽ കടവിലെ കടത്ത് നിലച്ചു. പിന്നാലെ വള്ളവും വള്ളക്കാരനും ഓർമയായി. റാന്നി ഗ്രാമപഞ്ചായത്തിലെ തോട്ടമണ്‍, അങ്ങാടി പഞ്ചായത്തിലെ വരവൂർ കരകളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള മാരാന്തോട്ടത്തിൽ കടവിലെ കടത്താണ് മാസങ്ങളായി മുടങ്ങിയത്. പൊതുമരാമത്തുവക കടത്ത് സർവിസ് മുടക്കി കടത്തുകാരന് പോയതിന് പിന്നാലെ വേനല്‍ മഴയില്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്ന് വള്ളവും മുങ്ങിയിരുന്നു. പൊതുമരാമത്ത് വകുപ്പ് വാടക നൽകുന്ന കടത്തുവള്ളം പമ്പാനദിയിൽ മുങ്ങിക്കിടക്കാൻ തുടങ്ങിയത് വാര്‍ത്തയായതോടെ വള്ളം സ്ഥലത്തുനിന്ന് മാറ്റി. പിന്നീട് മാസങ്ങളായിട്ടും ഇതുവരെ നടപടിയില്ല.
കടത്തു മുടങ്ങിയ കാലത്തും ശമ്പളം മുടങ്ങാതെ കടത്തുകാരൻ വാങ്ങുന്നുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. കടത്തു ഇല്ലാതായിട്ട് ഏറെ മാസങ്ങള്‍ ആയെന്നും കടത്തുകാരന് ഇവിടേക്ക് എത്താറില്ലെന്നും നാട്ടുകാർ ആക്ഷേപമുന്നയിക്കുന്നു. കോട്ടാങ്ങല്‍ സ്വദേശിക്കാണ് ഇവിടെ കടത്തു ചുമതലയുള്ളത്. ഇപ്പോള്‍ കടത്തും വള്ളവും ഇല്ലാതായെന്നാണ് ആക്ഷേപം. ഇരുകരയിലും ഉള്ളവര്‍ക്ക് മറുകരയിലെത്തണമെങ്കില്‍ കിലോമീറ്ററുകള്‍ ചുറ്റി കറങ്ങേണ്ട അവസ്ഥയാണ്. ഇവിടെ പാലമെന്നത് സ്വപ്നം മാത്രമായേ കാണാന്‍ കഴിയൂവെന്നും കടത്ത് വീണ്ടും ആരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടവരെ സമീപിക്കാന്‍ നാട്ടുകാർ നീക്കം തുടങ്ങി.