സാഗ്രെബ് : ക്രൊയേഷ്യൻ ഫുട്ബോൾ താരം മാർസെലോ ബ്രോസിവിച്ച് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 31കാരനായ താരം ക്രൊയേഷ്യയ്ക്കായി 99 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ഏഴ് ഗോളുകളും താരം രാജ്യത്തിനായി വലയിലാക്കി. 2014, 2018, 2022 ഫിഫ ലോകകപ്പുകളിൽ ക്രൊയേഷ്യൻ ടീമിന്റെ ഭാഗമായിരുന്നു ബ്രോസിവിച്ച്. 2016, 2020, 2024 യൂറോ കപ്പുകളിലും താരം കളിച്ചിട്ടുണ്ട്. താൻ ഒരുപാട് സംസാരിക്കുന്ന ആളല്ലെന്ന് എല്ലാവർക്കും അറിയാമെന്നും 99 എന്ന നമ്പർ തന്റെ കരിയറിനെ അടയാളപ്പെടുത്തുമെന്നും താരം പറഞ്ഞു. ക്രൊയേഷ്യയ്ക്കായി 100 ശതമാനവും ആത്മാർത്ഥമായി കളിക്കളത്തിൽ പ്രവർത്തിച്ചു. കരിയറിൽ താൻ ആഗ്രഹിച്ച നേട്ടങ്ങളിലേക്ക് എത്താൻ കഴിഞ്ഞു. ഇപ്പോൾ പുതിയ താരങ്ങൾക്ക് മാറികൊടുക്കാനുള്ള സമയമായെന്നും താരം പ്രതികരിച്ചു.
2014ലെ ഫിഫ ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ബ്രോസിവിച്ച് ക്രൊയേഷ്യൻ ടീമിൽ അരങ്ങേറുന്നത്. ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് ഇന്റർ മിലാനിലാണ് താരത്തിന്റെ കരിയറിലെ ഏറെക്കാലവും ചിലവഴിച്ചത്. 2015 മുതൽ 2023 വരെ ഇന്റർ മിലാനിൽ കളിച്ച ബ്രോസിവിച്ച് 261 മത്സരങ്ങളിൽ നിന്നായി 25 ഗോളുകൾ നേടിയിട്ടുണ്ട്. ഇപ്പോൾ സൗദി ക്ലബ് അൽ നസറിന്റെ ഭാഗമാണ് താരം.