മുംബൈ: വിവാഹ വാഗ്ദാനം നല്കി പൈലറ്റ് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി നടിയും മോഡലുമായ യുവതി. കഴിഞ്ഞയാഴ്ച മുംബൈയിലെ സബര്‍ബന്‍ ഒഷിവാര പോലീസ് സ്റ്റേഷനില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് താരം യുവാവിനെ പരിചയപ്പെടുന്നത്. ഒരു പ്രൊഫഷണല്‍ പൈലറ്റായ പ്രതിയെ മാട്രിമോണിയല്‍ സൈറ്റില്‍ സന്ദര്‍ശിച്ചതായും വിവാഹം കഴിക്കുമെന്ന് അയാള്‍ വാഗ്ദാനം ചെയ്തതായും നടി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. അതിനുശേഷം മുംബൈയില്‍ താമസിക്കുന്ന ഭോപ്പാല്‍ സ്വദേശിയായ പൈലറ്റ് പലപ്പോഴും യുവതിയുമായി ഫോണില്‍ സംസാരിക്കുമെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചാറ്റ് ചെയ്യുകയും പതിവായി.
ഏകദേശം 10 ദിവസം മുമ്പ് യുവതിയെ വിളിച്ച പ്രതി നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. മുംബൈയില്‍ തനിച്ച് താമസിക്കുന്ന നടി സമ്മതിക്കുകയും യുവാവിനെ വീട്ടിലേക്ക് വിളിക്കുകയും ചെയ്തു. അവിടെവെച്ച് പൈലറ്റ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് താരം ആരോപിക്കുന്നു. അതിന് ശേഷം താന്‍ ഉറപ്പായും വിവാഹം കഴിക്കുമെന്ന് ഇയാള്‍ യുവതിക്ക് വാക്കു നല്കി.
വിവാഹത്തെക്കുറിച്ച് സംസാരിക്കാന്‍ മാതാപിതാക്കള്‍ക്ക് പരിചയപ്പെടുത്താമെന്ന് പ്രതി പിന്നീട് ഉറപ്പ് നല്‍കിയെങ്കിലും ഒരിക്കലും വാക്കുകള്‍ പാലിച്ചില്ലെന്നും താരം പറഞ്ഞു. പിന്നീട് യുവാവിന്റെ പെരുമാറ്റത്തില്‍ മനം മടുത്ത നടി പരാതി നല്‍കുകയായിരുന്നു.