കൊച്ചി: മറ്റൊരു സ്ത്രീയുമായുള്ള ബന്ധം മറച്ചുവെച്ച് വിവാഹത്തട്ടിപ്പ് നടത്തി 53 പവനും മൂന്നുലക്ഷം രൂപയും തട്ടിയ കേസില്‍ യുവാവ് പിടിയില്‍. കാക്കനാട് സ്വദേശിനിയുടെ പരാതിയിലാണ് പച്ചാളം പീടിയേക്കല്‍ വീട്ടില്‍ കെവിന് ജോസഫിനെ (26)യാണ് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഒരുകുട്ടിയുണ്ടെന്നുമുള്ള വിവരം മറച്ചുവെച്ചാണ് കെവിന് പരാതിക്കാരിയെ വിവാഹം കഴിച്ചത്. ആഗസ്റ്റ് 17ന് ചാത്യാത്ത് മൗണ്ട് കാര്‍മല്‍ പള്ളിയിലായിരുന്നു വിവാഹം. സ്ത്രീധനമായി 53 പവനും മൂന്നുലക്ഷം രൂപയും വാങ്ങി. കെവിന്റെ മാതാപിതാക്കളും വിവാഹത്തിന് കൂട്ടുനിന്നതായി പരാതിയില്‍ പറയുന്നു.
വിവാഹശേഷം ദിവസവും മദ്യപിച്ചാണ് പ്രതി വീട്ടിലെത്തിയിരുന്നത്. പലപ്പോഴും ബിസിനസ് തുടങ്ങുന്നതിന് വീട്ടില്‍ നിന്ന് പണം ചോദിക്കാന്‍ കെവിന് പരാതിക്കാരിയോട് ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 22ന് പരാതിക്കാരിയുടെ അനുജത്തിക്ക് കെവിന്റെ മറ്റൊരു യുവതിയുമായുള്ള ബന്ധം സംബന്ധിച്ച ഫേസ്ബുക്ക് സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്താവുന്നത്. കെവിന് പാലക്കാട് സ്വദേശിനിയായ യുവതിയുമായി ബന്ധമുണ്ടെന്നും ഒരു മകനുണ്ടെന്നായിരുന്നു സന്ദേശം. കൂടെ ഇവരുടെ ചിത്രവും ഫോണ്‍ നമ്പറും അയച്ചു.
തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ വിവരം സത്യമാണെന്ന് മനസ്സിലായതോടെ പോലീസില്‍ പരാതി നല്കി. ഇയാള്‍ക്ക് ഫോര്‍ട്ട്കൊച്ചി സ്വദേശിനിയുമായി വര്‍ഷങ്ങളായി ബന്ധമുണ്ടായിരുന്നതായും കണ്ടെത്തി. നോര്‍ത്ത് സി.ഐ സിബി ടോമിന്റെ നേതൃത്വത്തിലെ സംഘം പ്രതിയെ കൂത്താട്ടുകുളത്തുനിന്ന് പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.