കണ്ണൂര്‍: ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കണ്ണൂര്‍ ചെറുപുഴ വാടിച്ചാലില്‍ വച്ചാലിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അടുത്തിടെ വിവാഹിതരായ ദമ്പതികളെയും മൂന്ന് കുട്ടികളെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ രണ്ടാഴ്ച മുന്‍പാണ് വിവാഹിതരായതെന്നാണ് വിവരം. ശ്രീജ, ഭര്‍ത്താവ് ഷാജി, ശ്രീജയുടെ ആദ്യ വിവാഹത്തിലെ കുട്ടികളായ സൂരജ് (10), സുരഭി(എട്ട്), സുജിന്‍ (12) എന്നിവരാണ് വീട്ടില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
രണ്ടാഴ്ച മുന്‍പാണ് ശ്രീജയും ഷാജിയും വിവാഹിതരായതെന്നാണ് വിവരം. എന്നാല്‍ അതിനുമുന്നേ തന്നെ ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നും പോലീസ് പറയുന്നുണ്ട്. ഷാജി ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാതെയാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഇതിനിടെ ശ്രീജയും ആദ്യ ഭര്‍ത്താവായ സുനിലും തമ്മില്‍ പ്രശ്‌നങ്ങളും നിലനിന്നിരുന്നു. ശ്രീജയും ശ്രീജയുടെ മുന്‍ ഭര്‍ത്താവ് സുനിലുമായുള്ള കുടുംബ പ്രശ്‌നങ്ങള്‍ നിരവധി നാളുകളായി നിലനിന്നിരുന്നു. തര്‍ക്കപരിഹാരത്തിന് ഇന്ന് ചെറുപുഴ പോലീസ് സ്റ്റേഷനിലേക്ക് ഇവരെ വിളിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടുകൂടി കുട്ടികളെ കൊലപ്പെടുത്തി തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് ശ്രീജ പോലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഫോണ്‍വിളി വന്നതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി വീട് ചവിട്ടു തുറന്ന് ഇവരെ രക്ഷപ്പെടുത്തുവാന്‍ ശ്രമങ്ങള്‍ നടത്തി. എന്നാല്‍ പോലീസ് സ്ഥലത്ത് എത്തുന്നതിനു മുന്‍പ് തന്നെ മരണങ്ങള്‍ സംഭവിച്ചിരുന്നു.