ചിറ്റാര്‍ : വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മത്തായിയുടെ മൃതദേഹം ശനിയാഴ്ച സംസ്കരിക്കാന്‍ തീരുമാനം. ജൂലൈ 28-നാണ് വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ പൊന്നുമോന്‍ എന്ന മത്തായിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നീതി ആവശ്യപ്പെട്ട് കുടുംബം മൃതദേഹവുമായി പ്രതിഷേധിക്കുകയായിരുന്നു. മത്തായിയുടെ മരണത്തിന് കാരണക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേകം ക്രമീകരിക്കുന്ന ടേബിളിലാണ് മത്തായിയുടെ റീ പോസ്റ്റ‍്‍മോര്‍ട്ടം നടക്കുക.
കേസ് അന്വേഷിക്കുന്ന സിബിഐയുടെ നിര്‍ദേശപ്രകാരമാണ് മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. സിബിഐ നിര്‍ദേശിച്ച മൂന്ന് ഫൊറന്‍സിക് സര്‍ജന്‍മാരാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യുക. പോസ്റ്റ്മോര്‍ട്ടം വീഡിയോയില്‍ ചിത്രീകരിക്കാനുള്ള സജ്ജീകരണങ്ങളും ചെയ്യും. ഭാര്യയും രണ്ട് മക്കളും പ്രായമായ അമ്മയും വിധവയായ സഹോദരിയും മക്കളും അരയ്ക്ക് താഴെ തളര്‍ന്ന സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു പി പി മത്തായി.