പത്തനംതിട്ട : പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ റീ പോസ്റ്റുമോർട്ടം ഇന്ന്. മൃതദേഹം റീ-പോസ്റ്റുമോർട്ടം ചെയ്യുന്നത് നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ റീ പോസ്റ്റുമോർട്ടം നടത്തിയ അതേ സംഘമാണ്. സിബിഐയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് അതേ മൂവർസംഘത്തെ തന്നെ മത്തായിയുടെ റീപോസ്റ്റുമോർട്ടത്തിനും സർക്കാർ നിയോഗിച്ചത്.
പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകുന്ന മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തുടർന്ന് നാളെ രാവിലെ 9ന് വടശേരിക്കര അരീക്കാകാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. അന്നേ ദിവസം 3.30ന് കുടപ്പനക്കുളം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടക്കും.
മത്തായിയുടെ മരണത്തിൽ ആരോപണ വിധേയരായ വനപാലകരെ അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടെടുത്ത കുടുംബം, കേസ് സിബിഐ ഏറ്റെടുത്തതിന് പിന്നാലെയാണ് മൃതദേഹം സംസ്‌കരിക്കാൻ തയാറായത്. കേസ് സിബിഐക്ക് വിടുമ്പോൾ സുപ്രിം കോടതി മൃതദേഹം സംസ്‌കരിക്കണമെന്ന് നിർദേശിച്ചിരുന്നു.