കോന്നി: ജനങ്ങളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഹോമിയോ പ്രതിരോധ മരുന്നുവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർവ്വഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും റബർ മാർക്കറ്റിംഗ് ഫെഡറേഷൻ ചെയർമാനുമായ മാത്യു കുളത്തിങ്കലിന് വീട്ടിലെത്തി മരുന്നു നല്കിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത് .
ആഴ്സ് ആൽബ് – 30 എന്ന മരുന്നാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശാനുസരണം എല്ലാ കുടുംബങ്ങളിലും എത്തിച്ചു നല്കുന്നത്. ഭക്ഷണത്തിനു മുൻപായി മൂന്നു ദിവസം രാവിലെ ഒരു ഗുളിക വീതമാണ് പ്രതിരോധത്തിനായി കഴിക്കേണ്ടത്. ഒരു മാസം കഴിയുമ്പോൾ വീണ്ടും മൂന്ന് ദിവസം ഓരോ ഗുളിക വീതം ബൂസ്റ്റർ ഡോസായി കഴിക്കാവുന്നതാണ്.
ജില്ലയിൽ തന്നെ ഇതിനോടകം 34 പഞ്ചായത്തും, 3 മുൻസിപ്പാലിറ്റികളും മരുന്നിനായി ആയുഷ് വകുപ്പിനെ സമീപിച്ചതായി ഡി.എം.ഒ ഡോ: ബിജു പറഞ്ഞു. എല്ലാ വീടുകളിലും പ്രതിരോധ മരുന്ന് എത്തിക്കാനുള്ള പ്രവർത്തനമാണ് ആയുഷ് വകുപ്പ് നടത്തി കൊണ്ടിരിക്കുന്നത്. വിവിധ സാംക്രമിക രോഗങ്ങൾ പകരാൻ സാധ്യതയുള്ള ഈ കാലയളവിൽ ജനങ്ങളുടെ പ്രതിരോധശേഷി കൂട്ടുക എന്ന് വളരെ പ്രാധാന്യമുള്ള കാര്യമാണെന്ന് എം.എൽ.എ പറഞ്ഞു. അതോടൊപ്പം മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളും കൊതുകു നശീകരണ പ്രവർത്തനങ്ങളും സജീവമായി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനായി എല്ലാവരും രംഗത്തിറങ്ങണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.
എം.എൽ.എയെ കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, ഡി.എം.ഒ ഡോ. പി.ബിജു, ആയുഷ് നോഡൽ ഓഫീസർ ഡോ: എബി ഏബ്രഹാം, മോൻസി ഡാനിയൽ തുടങ്ങിയവർ പങ്കെടുത്തു.