മല്ലപ്പള്ളി : ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും ബി ആർ സി യുടെയും നേതൃത്തിൽ കീഴ് വായ്പൂര് സ്ക്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ശാസ്ത്രീയ പരിശീലന കേന്ദ്രം തുടങ്ങുന്നതിന് ഫണ്ട് അനുവദിക്കാമെന്ന് മാത്യു ടി തോമസ് എം എൽ എ. മല്ലപ്പള്ളി ബി ആർ സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗൃഹാധിഷ്ഠിത ഭിന്നശേഷി കുട്ടികൾക്കുള്ള ഉപകരണ വിതരണം നിർവ്വഹിച്ചുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്.
സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് നടപ്പാക്കുന്ന പദ്ധതികൾ കൂടുതൽ ശാസ്ത്രീയമാക്കണമെന്നും മലയോര മേഖലയിൽ ഈ രംഗത്തുള്ള ചികിത്സാ അപര്യാപ്ത പരിഹരിയ്ക്കണമെന്നും ആവശ്യപ്പെട്ട് റീഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് ആർ.ജെ ധനേഷ്കുമാർ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.ലെജു പി തോമസ്, ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഇൻ ചാർജ് വി അമ്പിളി എന്നിവർ നൽകിയ നിവേദനവും പരിഗണിച്ചാണ് എംഎൽഎ പദ്ധതി പ്രഖ്യാപിച്ചത്.
ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ മുഖേന സ്കൂളിന്റെ സ്ഥലം ലഭ്യമാക്കിയാൽ എത്രയും വേഗം ഫണ്ട് അനുവദിച്ച് നൽകാമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ സിന്ധു സുഭാഷ് (ബ്ലോക്ക് മെമ്പർ) റെജി പണിക്കമുറി (വൈസ്.മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്) ഡെയ്സി വർഗ്ഗീസ് ( ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മറ്റി ആനിക്കാട് ഗ്രാമപഞ്ചായത്ത്, ) ദീപ്തി ദാമോദരൻ (ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി കോട്ടാങ്ങൽ) രോഹിണി ജോസ് (വാർഡ് മെമ്പർ) ദിനേശ് റ്റി.ആര്‍ (പ്രിൻസിപ്പൽ ജി.വി.എച്ച്.എസ്.എസ് കീഴ് വായ്പൂർ) എന്നിവർ പങ്കെടുത്തു.