എറണാകുളം : മറ്റക്കുഴിയിലെ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് സംശയം. മറ്റക്കുഴി സ്വദേശി ശ്രീനാഥിന്‍റെ (29) മരണത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ചൊവ്വാഴ്ചയാണ് ശ്രീനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ശ്രീനാഥിന്‍റെ സഹോദരൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീനാഥിന്‍റേയും ശ്രീകാന്തിന്‍റേയും അമ്മയായ ഡോ.സതിയും പോലീസ് നിരീക്ഷണത്തിലാണുള്ളത്.
വീട്ടിൽ വച്ചുണ്ടായ തർക്കത്തിനിടെ ശ്രീകാന്തിന്‍റെ കുത്തേറ്റ് ശ്രീനാഥ് മരിച്ചെന്നാണ് പോലീസിന്‍റെ സംശയം. കൊലപാതക വിവരം പുറത്തറിയാതിരിക്കാൻ ഇവരുടെ മാതാവായ സതി കൂട്ടുനിന്നെന്നും പോലീസ് കുരതുന്നു. കുത്തേറ്റ നിലയിൽ ആശുപത്രിയിലെത്തിയ ശ്രീനാഥിനെ കണ്ട ഡോക്ടർക്ക് മുറിവിൽ സംശയം തോന്നുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. ശ്രീനാഥിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.