തിരുവനന്തപുരം : മാര്‍ച്ച് അവസാനം മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എംബിബിഎസ് അവസാന വര്‍ഷ പരീക്ഷകള്‍ നീട്ടി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രംഗത്ത്. തയ്യാറെടുപ്പുകള്‍ക്ക് ആവശ്യമായ സമയം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം ഉന്നയിച്ചത്. സിലബസ് പ്രകാരം 12 മാസം കൊണ്ട് മാത്രം തീര്‍ക്കേണ്ട അവസാന വര്‍ഷം കോവിഡ് സാഹചര്യം കണക്കിലെടുത്തു ഓഗസ്റ്റില്‍ തുടങ്ങി ആറ് മാസം കൊണ്ട് തീര്‍ക്കുകയാണ് ചെയ്തതെന്ന് കേരള ആരോഗ്യസര്‍വകലാശാല വിസിക്ക് നല്‍കിയ കത്തില്‍ വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
തമിഴ്‌നാട്ടിലും കര്‍ണാടകയിലും മെയ് മാസത്തില്‍ തന്നെ ക്ലാസുകള്‍ ആരംഭിച്ചിരുന്നെന്നും ഇവര്‍ പറയുന്നു. നടന്നതില്‍ കൂടുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ്. രോഗിയെ നേരിട്ട് പരിശോധിച്ച് പഠിക്കേണ്ടത് അത്യാവശ്യമായ ക്ലിനിക്കല്‍ വിഷയങ്ങളിലെ പഠനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തെലങ്കാനയിലെ എംബിബിഎസ് അവസാന വര്‍ഷ പരീക്ഷ വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ച് നീട്ടിവെച്ചിട്ടുണ്ട്.