തിരുവനന്തപുരം: എം.ബി.ബി.എസ് പ്രവേശനത്തിന് സംസ്ഥാനത്ത് 100 സീറ്റുകള്‍ കൂടി വര്‍ധിച്ചു. പെരിന്തല്‍മണ്ണ എം.ഇ.എസ്, കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജുകളിലാണ് 50 വീതം സീറ്റുകള്‍ കൂടി വര്‍ധിച്ചത്.
രണ്ട് കോളജുകളിലും സീറ്റ് വര്‍ധനക്ക് നാഷനല്‍ മെഡിക്കല്‍ കമ്മീഷന് അനുമതി നല്കി. ഇതോടെ സംസ്ഥാനത്തെ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 3855 ആയി വര്‍ധിച്ചു. ഇതില്‍ 1555 എണ്ണം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും 2300 എണ്ണം സ്വകാര്യ സ്വാശ്രയ കോളജുകളിലുമാണ്.
സ്വാശ്രയ കോളജുകളില്‍ പാലക്കാട് കരുണ മെഡിക്കല്‍ കോളജിന് ആരോഗ്യസര്‍വകലാശാല അഫിലിയേഷന് പുതുക്കി നല്‍കിയിട്ടില്ല. ന്യൂനതകള്‍ പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കിയതായി സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എ.കെ. മനോജ്കുമാര്‍ പറഞ്ഞു.
അഫിലിയേഷന് ലഭിച്ചില്ലെങ്കില്‍ കോളജിലെ 100 സീറ്റിലേക്ക് അലോട്ട്മെന്റ് നടത്തില്ല. അതേസമയം, ഈ വര്‍ഷത്തെ മെഡിക്കല്‍, അനുബന്ധകോഴ്സുകളില്‍ പ്രവേശനത്തിന് ഓപ്ഷന് ക്ഷണിക്കുന്ന വിജ്ഞാപനം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചേക്കും. 15 വരെ ഓപ്ഷന് രജിസ്ട്രേഷന് സമയം അനുവദിച്ചശേഷം 16ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.