ന്യുഡല്‍ഹി : രാജ്യത്തെ പ്രമുഖ മസാലക്കൂട്ട് നിര്‍മാതാക്കളായ എംഡിഎച്ചിന്റെ ഉടമ മഹാശയ് ധരംപാല്‍ ഗുലാത്തി അന്തരിച്ചു. 98 വയസായിരുന്നു. ഇന്ന് രാവിലെയാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണം സംഭവിച്ചത്. മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. 2019 ല്‍ പത്മഭൂഷന്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. മഹാശയ് ധരംപാല്‍ ഗുലാത്തിയുടെ മരണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അനുശോചനം അറിയിച്ചു.
1923 ല്‍ പാകിസ്താനിലെ സിയാല്‍കോട്ടിലായിരുന്നു മഹാശയ് ധരംപാല്‍ ഗുലാത്തിയുടെ ജനനം. അഞ്ചാം ക്ലാസില്‍ പഠനം പൂര്‍ത്തീകരിക്കാനാകാതെയാണ് ബിസിനസ് രംഗത്തേക്ക് അദ്ദേഹം എത്തുന്നത്. ആദ്യം ഡല്‍ഹിയില്‍ അരിയും സോപ്പും തുണിത്തരങ്ങളും വില്‍ക്കുകയായിരുന്നു ജോലി. തുടര്‍ന്ന് കരോള്‍ ബാഗില്‍ ഒരു കട തുടങ്ങി. അവിടെ നിന്നുമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച മസാല നിര്‍മാണ കമ്പനിയുടെ തലപ്പത്തേക്ക് വളരുന്നത്. മാഹാശ്യന്‍ ഡി ഹാട്ടി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചുരുക്കപ്പേരാണ് എംഡിഎച്ച് എന്നത്. എംഡിഎച്ചിന് രാജ്യത്ത് 15 ഫാക്ടറികളുണ്ട്.