തിരുവനന്തപുരം: കേരള മീഡിയ അക്കാഡമിയുടെ 2019 ലെ മാദ്ധ്യമ അവാര്‍ഡുകള്‍ക്കുളള എന്‍ട്രി 31 വരെ സമര്‍പ്പിക്കാം. 2019 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുളള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുളള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുളള ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്, മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുളള എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുളള മീഡിയ അക്കാഡമി അവാര്‍ഡ്, ദൃശ്യമാദ്ധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുളള മീഡിയ അക്കാഡമി അവാര്‍ഡ് എന്നിവയ്ക്കാണ് എന്‍ട്രികള്‍ ക്ഷണിക്കുന്നത്.
ഫോട്ടോഗ്രഫി അവാര്‍ഡിന് നാല് ഒറിജിനല്‍ ഫോട്ടോ അയയ്ക്കണം. ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം. എന്‍ട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും സഹിതം 31 ന് വൈകിട്ട് 5 നകം സെക്രട്ടറി, കേരള മീഡിയ അക്കാഡമി, കാക്കനാട്, കൊച്ചി 682 030 വിലാസത്തില്‍ ലഭിക്കണം. അയയ്ക്കുന്ന കവറിനുപുറത്ത് ഏത് വിഭാഗത്തിലേക്കുളള എന്‍ട്രിയാണ് എന്ന് രേഖപ്പെടുത്തണം. ഫലകവും 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.