കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചു. ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് അനിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്.
ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫീസറോട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ജനറല്‍ ആശുപത്രി സൂപ്രണ്ട് അടങ്ങിയ ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചത്. സംഘം ആശുപത്രിയിലെത്തി രണ്ടര മണിക്കൂറോളം പരിശോധന നടത്തി. അവിടെയുള്ള ഡോക്ടര്‍മാരുമായും സംസാരിച്ചു. ഇബ്രാഹിം കുഞ്ഞിന്റെ ശാരീരിക, മാനസിക ആരോഗ്യനിലയാണ് പരിശോധനാവിധേയമാക്കിയത്. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ചൊവ്വാഴ്ചക്കകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഡോ. അനിത മാധ്യമങ്ങളോട് പറഞ്ഞു.