കൃഷ്ണ: സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഡോക്ടറിലെന്ന കാരണം പറഞ്ഞ് ഗര്‍ഭിണിയെ പറഞ്ഞു വിട്ടു. തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചു പോയ യുവതി വഴിയരികില്‍ പ്രസവിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് ഡോക്ടറിലെന്ന കാരണം പറഞ്ഞ് യുവതിയെ പറഞ്ഞയച്ചത്. കൃഷ്ണ ജില്ലയിലെ മൈലാവാരം പട്ടണത്തിലെ നാട്ടുകാരാണ് പ്രസവ സമയത്ത് യുവതിയെ സഹായിക്കാന്‍ കൂടെയുണ്ടായിരുന്നത്.
റോഡരികില്‍ യുവതി പ്രസവിക്കുന്നത് മറ്റാരും കാണാതിരിക്കാന്‍ ആ സമയത്ത് അവിടെ എത്തിയ മറ്റ് സ്ത്രീകള്‍ സാരി ഉപയോഗിച്ച് മറ പോലെ പിടിച്ചിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവമറിഞ്ഞ സ്ഥലം എംഎല്‍എ വസന്ത കൃഷ്ണ പ്രസാദ് ഉടനടി ആംബുലന്‍സ് അയച്ച് യുവതിയെയും നവജാതശിശുവിനെയും വിജയവാഡ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. യുവതിയെ പറഞ്ഞുവിട്ട പ്രാദേശിക ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറുമായി എംഎല്‍എ സംസാരിക്കുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു.