പന്തളം : ലൈഫ് മിഷന്‍റെ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായുള്ള ഭവന രഹിത, ദൂരഹിതരായവര്‍ക്കുള്ള ഫ്‌ളാറ്റ് സമുച്ചയം പന്തളം ചേരിക്കലില്‍ നിര്‍മാണം ആരംഭിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ലൈഫ് മിഷന്‍ പറക്കോട് ബ്ലോക്ക് കുടുംബ സംഗമം ഏഴംകുളം നാഷണല്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ലൈഫ് പദ്ധതിയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ഫ്‌ളാറ്റ് നിര്‍മിക്കുന്നതിന്‍റെ ഭാഗമായാണ് പന്തളത്തെ നിര്‍മ്മാണം. പറക്കോട് ബ്ലോക്കിന്‍റെ പരിധിയില്‍ വരുന്ന പള്ളിക്കല്‍ പഞ്ചായത്തില്‍ രണ്ട് ഫ്‌ളാറ്റ് സമുച്ചയവും മറ്റ് പഞ്ചായത്തുകളില്‍ ഓരോ ഫ്‌ളാറ്റ് സമുച്ചയം വീതവും നിര്‍മ്മിച്ചു നല്‍കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും എം എല്‍ എ പറഞ്ഞു.
കേരളത്തിലെ എല്ലാ പാവപ്പെട്ടവര്‍ക്കും വീട് നല്‍കാന്‍ ഇച്ഛാ ശക്തിയുള്ള സര്‍ക്കാരാണ് അധികാരത്തിലുള്ളത്. വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കി സംരക്ഷിക്കുന്നതിന് സര്‍ക്കാരിന് കടമയുണ്ട്. ഇത്തരത്തില്‍ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മൂന്നു വര്‍ഷ കാലയളവിനുള്ളില്‍ വിപ്ലവകരമായ വികസനമാണ് നടപ്പാക്കിയിട്ടുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും അര്‍ഹതയുള്ള എല്ലാവര്‍ക്കും കൃത്യമായി പെന്‍ഷന്‍ എത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. പൊതുവിതരണ രംഗം ശക്തമാക്കുന്നത് ഉള്‍പ്പെടെ സര്‍വമേഖലയിലും വികസന വിപ്ലവം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. 941 കുടുംബങ്ങള്‍ക്കാണ് പറക്കോട് ബ്ലോക്കില്‍ ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ചത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത മികച്ച നേട്ടമാണ് ഈ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ചിരിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.
കുടുംബ സംഗമത്തോട് അനുബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിന് ഇരുപതോളം വകുപ്പുകളുടെ സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചു. ഇതുവഴി നൂറു കണക്കിനാളുകള്‍ക്ക് സേവനം ലഭിച്ചു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.മുരുകേഷ് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വിഇഒമാരെ അനുമോദിച്ചു. ജില്ലാ പഞ്ചായത്തംഗം ബി സതികുമാരി, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രീതാകുമാരി, ഷൈല റജി, ബി ലത, എ.ആര്‍ അജീഷ്‌കുമാര്‍, മനോജ്കുമാര്‍, ജി പ്രസന്നകുമാരി, പറക്കോട് ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.സി പ്രകാശ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ ഷീല, ലൈഫ്മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി പി സുനില്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.