ഇലവുംതിട്ട : ഈസ്റ്ററിന്റെ പുണ്യവുമായി ജീവൻ രക്ഷാ മരുന്നെത്തിച്ച പോലീസുകാരെ ചേർത്ത് പിടിച്ച് വത്സലകുമാരി. രണ്ട് വർഷമായി ബ്ലഡ് കൗണ്ട് കൂടുന്ന ഗുരുതര ലുക്കീമിയ രോഗത്തിനടിമയായ തുണ്ട് കാട്ടിൽ പുത്തൻവീട്ടിൽ വത്സലാ കുമാരി (56) ജീവൻ നിലനിർത്തുന്നത് മരുന്നിലാണ് . മരുന്ന് തീർന്ന് ഭയാശങ്കയിൽ ഇലവുംതിട്ട ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ അൻവർഷയെ അറിയിച്ചു. ഉടൻ വിഷയത്തിലിടപെട്ട് വിവിധ മെഡിക്കൽ സ്റ്റോറുകളുമായും സന്നദ്ധ പ്രവർത്തകരുമായി ബന്ധപ്പെട്ടു. അവസാനം കോട്ടയം മെഡിക്കൽ കോളജിനടുത്തുള്ള നീതി മെഡിക്കൽ സ്റ്റോറിൽ മരുന്നുണ്ടന്നറിഞ്ഞു.
ഗാന്ധിനഗർ പോലീസ് സ്റ്റേഷനമായി ബന്ധപ്പെടുകയും ജനമൈത്രി ബീറ്റ് ഓഫീസർ വിമലിന്റെ സഹായം തേടുകയും ചെയ്തു. വിമലിന്റെ അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്തു. വിമൽ മരുന്ന് വാങ്ങി കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ സഹായത്തോടെ ഹൈവേ പോലീസിന്റെ പക്കൽ മരുന്നേൽപ്പിച്ചു. കുളനടയിലെത്തിച്ച ജീവൻ രക്ഷാ മരുന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം രാത്രി ഇലവുംതിട്ട പോലീസ് ഇൻസ്പെക്ടർ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ കളക്ട് ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർഷ, സ്റ്റേഷർ റൈട്ടർ എസ് ശ്രീജിത്ത് എന്നിവർ പൊതുപ്രവർത്തകരായ സാലു മെഴുവേലി, ബൽറാം എന്നിവരുടെ സാന്നിധ്യത്തിൽ ജീവൻ രക്ഷാ മരുന്ന് വത്സലാകുമാരിക്ക് കൈമാറി.