ശബരിമല: തീര്‍ത്ഥാടകരുടെ ദാഹവും ക്ഷീണവുമകറ്റാന്‍ ഔഷധ കുടിവെള്ളമൊരുക്കി ശ്രീഭൂതനാഥ ധര്‍മ്മസ്ഥാപനം തൊണ്ണൂറ്റൊന്നു വര്‍ഷം പിന്നിടുന്നു. മാളികപ്പുറം ഫ്ലൈ ഓവറിനു താഴെയാണ് ശ്രീഭൂതനാഥ സ്ഥാപനത്തിന്റെ ഔഷധ തണ്ണീര്‍ പന്തല്‍.
പതിമുഖം, രാമച്ചം, കരിങ്ങാലി, പൊന്‍ കരണ്ടിവേര്, വേങ്ങ കാതല്‍ ഞെരിഞ്ഞില്‍, ചുക്ക്, കരുമുളക്, മല്ലി ,ജീരകം, ഏലക്കായ്, ഗ്രാംപൂവ് തുടങ്ങി 12 തരം ഔഷധകൂട്ടുകള്‍ ചേര്‍ത്ത് തിളപ്പിച്ചാറ്റിയ വെള്ളമാണ് ഇവിടെ ലഭിക്കുന്നത്. രാവിലെ മുതല്‍ വൈകിട്ട് നട അടയ്ക്കുന്നത് വരെ ഇവിടെ ദാഹജലം വിതരണം നടത്തുന്നുണ്ട്.
ദിവസേന നൂറുകണക്കിന് പേരാണ് ഇവിടെയെത്തി ദാഹവും ക്ഷീണവുമകറ്റി സ്വസ്ഥമാകുന്നത്.
പുലര്‍ച്ചെ അഞ്ചരമുതല്‍ രാത്രി ഹരിവരാസനം കേട്ട് അയ്യന്‍ ഉറങ്ങുന്നതു വരെ നീളുന്നു ഭൂതനാഥധര്‍മ്മസ്ഥാപനത്തിന്റെ സേവനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്ഥാപിതമാകുന്നതിന് മുമ്പേ തുടങ്ങിയതാണ് ഭൂതനാഥധര്‍മ്മസ്ഥാപനം. പതിനെട്ടാം പടിയുടെ സമീപത്ത് ഭക്തര്‍ക്ക് നാരങ്ങാവെള്ളം വിതരണം ചെയ്തുകൊണ്ടായിരുന്നു തുടക്കം. ചോറ്റാനിക്കര ഭക്ത വത്സലന്‍ സ്വാമി, ചവറ കൃഷ്ണന്‍കുട്ടി സ്വാമി, മാധവന്‍ തമ്പി സ്വാമി, ഓച്ചിറ ഭാസ്‌ക്കരപിള്ള, പൂരമ്പാല ശങ്കരപിള്ള സ്വാമി എന്നിവരാണ് ധര്‍മ്മസ്ഥാപനത്തിന് തുടക്കം കുറിച്ചത്.
ഹൈക്കോടതി അഭിഭാഷകനായ കെ.കെ ഗോപിനാഥന്‍ നായര്‍ പ്രസിഡന്റ് ആയുള്ള ഭരണ സമിതി ട്രസ്റ്റും ജീവനക്കാരും ചേര്‍ന്നാണ് ശ്രീഭൂതനാഥ ധര്‍മ്മസ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പത്തോളം പേരാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സേവനം നടത്തുന്നത്.