കൊച്ചി : കൊച്ചി മെട്രോക്കായി ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ എംജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. മെട്രോക്കായി ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുണ്ടെന്ന നാളുകളായുള്ള പരാതിയിലാണ് മുന്‍ എറണാകുളം ജില്ലാ കളക്ടര്‍ എം ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി മെട്രോക്കായി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതില്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് വിരുദ്ധമായി വഴിവിട്ടു പ്രവര്‍ത്തിച്ചുവെന്ന് നേരത്തെ ഉയര്‍ന്ന പരാതി നിരവധി വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. കൂടിയ തുകയ്ക്ക് ഭൂമി ഏറ്റെടുത്തുവെന്നുമാണ് പരാതിയില്‍ പറയുന്നത്. കൊച്ചി മെട്രോക്കായി 40 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. 52 ലക്ഷം എന്ന തുകയ്ക്കാണ് ഒട്ടുമിക്ക സ്ഥലങ്ങളിലും ഭൂമി ഏറ്റെടുത്തിരുന്നത്. ശീമാട്ടിക്ക് 80 ലക്ഷം രൂപ നല്‍കിയെന്ന് പരാതിയില്‍ പറയുന്നു. ശീമാട്ടിയുമായി മാത്രം പ്രത്യേക കരാര്‍ ഉണ്ടാക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നു.
സാധാരണഗതിയില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമി സര്‍ക്കാരിന്റെ ഏത് ആവശ്യത്തിനും ഉപയോഗിക്കാമെന്നിരിക്കെ ശീമാട്ടിയുമായി ഉണ്ടാക്കിയ കരാറില്‍ ഈ ഭൂമി മെട്രോ ആവശ്യത്തിനു വേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയുന്നു. അധിക തുക നല്‍കിയത് അഴിമതിയുടെ പരിധിയില്‍ വരുമെന്നും അതിനാല്‍ അഴിമതി വിരുദ്ധ നിയമത്തിന്റെ കീഴില്‍ ഈ കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നുമായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലെ ആവശ്യം.