ദുബായ് : പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽ ഒട്ടേറെ സർവീസുകൾ വൈകുകയും ചിലതു റദ്ദാക്കുകയും ചെയ്തു. യാത്രക്കാർ വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിച്ചശേഷം മാത്രമേ വിമാനത്താവളങ്ങളിലേക്കു പുറപ്പെടാവൂ എന്നു കമ്പനികൾ അറിയിച്ചു. കൊച്ചിയിൽനിന്നുള്ള ഇത്തിഹാദ്, കോഴിക്കോട്ടുനിന്നുള്ള എയർ അറേബ്യ എന്നിവ മണിക്കൂറുകൾ വൈകിയാണ് അബുദാബിയിൽ എത്തിയത്. കൊച്ചിയിൽനിന്നുള്ള എമിറേറ്റ്സ്, സ്പൈസ് ജെറ്റിന്റെ കൊച്ചി – ദുബായ്, കോഴിക്കോട് – ദുബായ് എന്നിവയും വൈകി.
അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽനിന്ന് ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ് എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചുമുള്ള ഒട്ടേറെ സർവീസുകൾ വൈകി. ബഹ്റൈനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കോഴിക്കോട്ട് വൈകിയാണെത്തിയത്. കുവൈത്ത്–മുംബൈ സർവീസും വൈകി.






























