തിരുവനന്തപുരം : സംസ്ഥാനത്തെ 17 നദികളിൽ അടിഞ്ഞുകൂടിയ മണൽ നീക്കാൻ സർക്കാർ ഒരുങ്ങുന്നു. മണൽ ഓഡിറ്റ് പ്രകാരം ഖനനയോഗ്യമെന്ന് കണ്ടെത്തിയ 1.7 കോടി ടൺ വാരാനുള്ള നടപടിയാണുണ്ടാവുക. ഡിസംബറോടെ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, വയനാട് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികൾ ആദ്യഘട്ടത്തിൽ ഉണ്ടാവില്ല. പട്ടികയിലില്ലാത്ത ബാക്കി പുഴകൾ അടുത്ത ഘട്ടത്തിലുണ്ടാവും. അവയുടെ മണൽ ഓഡിറ്റ് നടന്നുവരുന്നു. അമിതമായി മണൽ അടിഞ്ഞുകൂടുന്നത് സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുകയും നദീതടത്തിന്റെ ആഴം കുറയ്ക്കുകയുംചെയ്യും. പ്രളയസാധ്യത മുൻകൂട്ടിക്കണ്ട് പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ഈ പുഴകളിലെ മണൽ നിക്ഷേപത്തെക്കുറിച്ചുള്ള പഠനം (സാൻഡ് ഓഡിറ്റ്) റവന്യൂ വകുപ്പ് നടത്തിയിരുന്നു. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ.) നടത്തിയ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് മണൽ വാരാനുള്ള നടപടികൾ പുരോഗമിക്കുന്നത്. ഇനി സംസ്ഥാന പരിസ്ഥിതി, ജിയോളജി വകുപ്പുകളുടെ അനുമതികൂടി ലഭിക്കണം. മുമ്പുണ്ടായിരുന്നപോലെ തദ്ദേശസ്ഥാപനങ്ങൾക്ക് ചുമതല നൽകാനാണ് സാധ്യത. കടവുകമ്മിറ്റികൾ രൂപവത്കരിച്ചുള്ള രീതിയായിരുന്നു അന്നുണ്ടായിരുന്നത്. എങ്ങനെയാവണം നടപ്പാക്കേണ്ടതെന്ന കാര്യത്തിൽ തീരുമാനം വൈകാതെയുണ്ടാവും.































