കോതമംഗലം : ഇരുപത്തിയൊന്ന് ചെറിയ കുപ്പികളില്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍. നെല്ലിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശി അബ്ദുര്‍ റഹിം (30) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യം.
ഒരു ബോട്ടിലിന് ആയിരം രൂപ മുതലാണ് ഇയാള്‍ വാങ്ങിയിരുന്നത്. ആസാമില്‍ നിന്നുമാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് അബ്ദുര്‍ റഹിം പോലീസിനോട് പറഞ്ഞു. ആറുമാസമായി നെല്ലിക്കുഴിയിലാണ് താമസം. ഒരു മാസം മുമ്പാണ് ഇയാള്‍ ആസാമില്‍ പോയി വന്നത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് റൂറല്‍ ജില്ലയില്‍ മയക്കുമരുന്നിനെതിരെ കര്‍ശന പരിശോധനയാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം മുവാറ്റുപുഴയില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപ വില വരുന്ന ഹെറോയിനുമായി ബംഗാള്‍ സ്വദേശിയെ പിടികൂടിയിരുന്നു.