കൊല്ലം : നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തോപ്പിൽ കടവില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചു. ഭക്ഷണം കിട്ടുന്നില്ലെന്നും നാട്ടിൽ പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി .
നാട്ടില്‍ പോകണമെന്ന ആവശ്യവുമായി ലേബര്‍ ഓഫിസറെ കാണാൻ കളക്ട്രേറ്റിന് മുന്നിൽ കൂട്ടം കൂടിയ അന്യസംസ്ഥാന തൊഴിലാളികളെ മടക്കി അയച്ചതിന് പിന്നാലെയാണ് തോപ്പിൽ കടവില്‍ തൊഴിലാളികള്‍ സംഘടിച്ചത്. ജോലിയും കൂലിയുമില്ല, ഭക്ഷണം പോലും കിട്ടാത്ത സാഹചര്യമാണ്, അതിനാല്‍ നാട്ടില്‍ പോകണമെന്നായിരുന്നു ഇവരുടെ ആവശ്യം.
പോലീസെത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും തൊഴിലാളികള്‍ മടങ്ങാന്‍ കൂട്ടാക്കിയില്ല. പലതവണ പറഞ്ഞിട്ടും പിരിഞ്ഞ് പോകാത്തതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. ഇതോടെ തൊഴിലാളികള്‍ ചിതറിയോടുകയും പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്തു.