പത്തനംതിട്ട : ഇലവുംതിട്ട അയത്തില്‍ ഭാഗത്തുള്ള 21 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരുക്കി മാതൃകയാകുകയാണ് ഇലവുംതിട്ട ജനമൈത്രി പോലീസ്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍ ഭക്ഷണത്തിന് ദൈര്‍ലഭ്യം നേരിടുന്നതായി ഇവിടുത്തെ പോലീസ് ഉദ്യോഗസ്ഥര്‍ അറിഞ്ഞത് പായിപ്പാട് സംഭവത്തിനും മുന്‍പാണ്. അന്നുതന്നെ പോലീസ് ഉദ്യോഗസ്ഥരും ജനമൈത്രി സമിതി അംഗങ്ങളും സ്വന്തം കൈയില്‍ നിന്നു പണമിട്ട് നൂറു കിലോ അരിയും, തുമരപരിപ്പ്, സവാള ഉള്‍പ്പെടെയുള്ള ഒരുമാസത്തെ സാധനങ്ങളും ഇവരുടെ ക്യാമ്പില്‍ എത്തിച്ചു നല്‍കി.
സ്ത്രീകളും കുട്ടികളും അടക്കം 21 പേരാണ് ഇവിടെയുള്ളത്. ഇലവുംതിട്ട ജനമൈത്രി പോലീസ് എസ്.ഐ ടി.പി ശശികുമാറിന്റെ നേതൃത്വത്തില്‍ എല്ലാ ദിവസവും ഈ ക്യാമ്പില്‍ വിസിറ്റും നടത്തിവരുന്നുണ്ട് . കോവിഡ് 19 ബാധ സംബന്ധിച്ച വാര്‍ത്തകളും മറ്റും അറിയാനായി ടി.വിയും കേബിള്‍ കണക്ഷനും സി.ഐ വിനോദ് കൃഷ്ണന്റെ നേതൃത്വത്തില്‍ ഒരുക്കി നല്‍കിയിട്ടുണ്ട് ഇവിടെ. കേരള ഭക്ഷണം ഇഷ്ടമുള്ള ഇവരില്‍ ചിലര്‍ക്ക് കമ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം ലഭ്യമാക്കുന്നുണ്ട്.
കോണ്‍ട്രാക്ടറന്‍മാരില്ലാത്ത ഇവരുടെ വാടകയുടെ കാര്യത്തിലും പോലീസുകാര്‍ എത്തി ബില്‍ഡിംഗ് ഉടമയുമായി സംസാരിച്ച് ഒരുമാസത്തെ മാസവാടകയും ഒഴിവാക്കിക്കൊടുത്തതായി ജനമൈത്രി സിവില്‍ പോലീസ് ഓഫീസര്‍ അന്‍വര്‍ ഷാ പറഞ്ഞു. രോഗലക്ഷണമുള്ള ആരും തന്നെ ക്യാമ്പില്‍ ഇല്ല. ഇവര്‍ക്കായി മെഡിക്കല്‍ ചെക്കപ്പും നടത്തിക്കഴിഞ്ഞു. എസ്.ഐ ടി.പി ശശികുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ്.അന്‍വര്‍ഷാ, ആര്‍. പ്രശാന്ത്, സുധീഷ് ഉപേന്ദ്രന്‍, ജനമൈത്രി സമിതി അംഗങ്ങളായ പ്രഭാഷ് ചന്ദ്രന്‍, അനില്‍ കുമാര്‍, വേണു എന്നിവരാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയത്.