മാള: പ്രളയ ഭീതിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് പോകാനൊരുങ്ങുന്നു. കൊവിഡ് ഭീതിക്കിടയിലാണ് ഇത്തരത്തിലൊരു മുന്നറിയിപ്പും അന്യസംസ്ഥാന തൊഴിലാളികളുടെ മൊബൈലില്‍ പ്രചരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ തൊഴിലില്ലാതായെന്നും പ്രളയം കൂടി വന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നുമാണ് ഇവര്‍ പറയുന്നത്. പ്രളയഭീതി പറഞ്ഞ് കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലേക്ക് പോകാനുള്ള അനുമതി തേടി നിരവധി തൊഴിലാളികളാണ് പോലീസ് സ്റ്റേഷനില്‍ എത്തിയത്.
അനുമതി സ്റ്റേഷനില്‍ നിന്ന് നല്‍കാനാവില്ലെന്ന് അറിയിച്ചതോടെ ജില്ലാ ഭരണകൂടങ്ങളും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും ഇവര്‍ ബന്ധപ്പെട്ടതായും സൂചനയുണ്ട്. സ്വന്തം നിലയില്‍ വാഹനം ഒരുക്കി പോകാനാണ് ഇവര്‍ പോലീസ് സ്റ്റേഷനിലെത്തി അനുമതി തേടിയത്. വാഹനം ഒരുക്കി തിരിച്ചുപോകാന്‍ പണം ഉണ്ടെന്നും അനുമതി വേണമെന്നുമായിരുന്നു ഈ അന്യസംസ്ഥാന തൊഴിലാളികളുടെ ആവശ്യം. പ്രളയം വരുന്നുവെന്ന മുന്നറിയിപ്പും മഴ തുടങ്ങിയതുമാണ് ഇവരെ ഭീതിയിലാക്കിയത്.
ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിലും ജോലിയില്ലാത്തത് ഇവരെ അലട്ടുന്നുണ്ട്. കൊവിഡ് 19 ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മദ്യം ലഭിക്കാത്തതും ചില അന്യസംസ്ഥാന തൊഴിലാളികളെ വിഷമിപ്പിക്കുന്നുണ്ട്. ഇവരുടെ വാട്സ് ആപ് കൂട്ടായ്മയില്‍ വരുന്ന സന്ദേശങ്ങള്‍ക്കനുസരിച്ചാണ് ഇപ്പോഴത്തെ ആശങ്ക..