മലപ്പുറം: മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ താഴെയിറക്കി. മാനസിക വിഭ്രാന്തിയിൽ മരത്തിൽ കയറിയ തൊഴിലാളിയെ മലപ്പുറം അഗ്നിരക്ഷാ സേനയാണ് താഴെയിറക്കിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇയാളെ താഴെ ഇറക്കിയത്. ഇന്ന് പുലർച്ചെ 12നായിരുന്നു സംഭവം. മലപ്പുറം പാസ്‌പോർട്ട് ഓഫീസിന് സമീപമുള്ള കോട്ടക്കുന്ന് റോഡിലാണ് സംഭവം. സമീപത്തെ ക്വാട്ടേഴ്സിൽ ഉറങ്ങുകയായിരുന്ന ആസം സ്വദേശിയായ യുവാവ് പെട്ടെന്ന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു. മരിച്ചുപോയ തന്റെ ബന്ധുക്കളുടെ അടുത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് മരത്തിൽ കയറിയത്. ക്വാർട്ടേഴ്സിൽ ഒപ്പമുണ്ടായിരുന്നവർ ഉടൻ നാട്ടുകാരെ വിവരമറിയിച്ചു. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.
മരത്തിന്റെ ഏറ്റവും മുകളിലുള്ള കൊമ്പിലായിരുന്നു യുവാവ്. ഇനിയും മുകളിലേക്ക് പോകണമെന്ന വാശിയിൽ കൊമ്പിൽ എഴുന്നേറ്റ് നിൽക്കുകയായിരുന്നു. അഗ്നിരക്ഷാ സംഘം ഉടൻ താഴെ വലവിരിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി മുഹമ്മദ് ഷിബിൻ, വി പി നിഷാദ്, കെ അഭിലാഷ് എന്നിവർ കോണി ഉപയോഗിച്ച് മരത്തിൽ കയറി. ഒന്നര മണിക്കൂറോളം മരത്തിന് മുകളിലിരുന്ന് യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെ യുവാവിന്റെ അരയിൽ കയർകൊണ്ട് കെട്ടി സുരക്ഷ ഉറപ്പാക്കി. പിന്നീട് ക്ഷേത്രദർശനം നടത്തണമെന്ന് ആവശ്യപ്പെട്ട യുവാവിനെ കൊണ്ടുപോകാമെന്ന് സമ്മതിച്ചാണ് താഴെയിറക്കിയത്. തുടർന്ന് മലപ്പുറം പോലീസിന് കൈമാറി. യുവാവിന് കൗസിലിംഗ് നൽകുമെന്നും പോലീസ് അറിയിച്ചു.






























