കാസര്‍കോട്: ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ ചുമതല മില്‍മ എം.ഡിക്ക് നല്‍കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ ക്ഷീരവികസന വകുപ്പില്‍ പ്രതിഷേധം കനക്കുന്നു. ജീവനക്കാരുടെ വിവിധ സംഘടനകള്‍, പരമ്പരാഗത പാല്‍ സൊസൈറ്റീസ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. മില്‍മ എം.ഡി. ആസിഫ് കെ. യൂസഫിനാണ് വകുപ്പ് ഡയറക്ടറുടെ അധികചുതമലകൂടി നല്‍കിയത്. ക്ഷീരവികസന വകുപ്പ് ജീവനക്കാര്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ കരിദിനം ആചരിച്ചു പ്രതിഷേധിച്ചിരുന്നു.
തീരുമാനം തിരുത്താന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ കണ്ണൂരില്‍ ചേര്‍ന്ന പരമ്പരാഗത പാല്‍ സൊസൈറ്റീസ് അസോസിയേഷനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് പുന:പരിശോധിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭ പരിപാടിയുമായി മുമ്പോട്ട് പോകാനാണ് ഡയറി ഓഫീസേഴ്സ് അസോസിയേഷന്‍ തീരുമാനം. ക്ഷീരവികസന വകുപ്പ് നടപടിക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി സി.പി.ഐ അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷനും രംഗത്തെത്തിയിട്ടുണ്ട്. ഐ.എ.എസ് ഓഫീസറെ വകുപ്പില്‍ ഡയറക്ടറാക്കി നിയമിച്ചത് ജീവനക്കാരുടെ പരിമിതമായ പ്രമോഷന്‍ സാധ്യത ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി.