കണ്ണൂര്‍ : കണ്ണൂരില്‍ പോക്സോ കേസിലെ പ്രതി അധ്യക്ഷനായ ചടങ്ങില്‍ മന്ത്രി ഉദ്ഘാടകനായി പങ്കെടുത്തത് വിവാദമാകുന്നു. കൂത്തുപറമ്പ് സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് പതിനാറാം വാര്‍ഷികത്തിനോടനുബന്ധിച്ചു നടന്ന പുരസ്‌കാര വിതരണത്തിലും ആദരിക്കല്‍ ചടങ്ങിലുമാണ് ടൂറിസം പുരാവസ്തുവകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ ഉദ്ഘാടകനായെത്തിയത്.
ശനിയാഴ്‌ച്ച രാവിലെ പത്തുമണിയോടെ കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളിലാണ് പരിപാടി നടത്തിയത്. ഹ്രസ്വസിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി 15 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ മുന്മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ പ്രദീപന്‍ തൈക്കണ്ടി(42)യാണ് പരിപാടിയുടെ മുഖ്യസംഘാടകന്‍.
2020 ജനുവരി 26നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ അന്നത്തെ മട്ടന്നൂര്‍ സി. ഐ രാജീവ്കുമാര്‍ ഇയാളെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്യുകയും ജയിലില്‍ കിടക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് പ്രദീപനെ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇതിനു ശേഷം പൊതുവേദികളില്‍ നിന്നും അല്‍പനാള്‍ വിട്ടു നിന്ന പ്രദീപന്‍ പിന്നീട് വേങ്ങാട് സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളുമായി വീണ്ടും സജീവമാവുകയായിരുന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ് ഇയാള്‍. ചടങ്ങില്‍ ഉദ്ഘാടകനായെത്തിയ മന്ത്രി പോക്സോകേസ് പ്രതി അംഗമായ വേങ്ങാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയെ വാനോളം പുകഴ്‌ത്തി സംസാരിക്കുകയായിരുന്നു.
സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ആളുകളുള്ള കാലത്ത് മറ്റുള്ളവരുടെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും അറിഞ്ഞു സഹായിക്കാനെത്തുന്ന ചുരുക്കം സുമനസുകള്‍ നമുക്കിടയില്‍ ഉണ്ടെന്നത് പ്രതീക്ഷ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ തന്നെ ബാധിച്ചതായിരുന്നു കോവിഡ് പ്രതിസന്ധി. എന്നാല്‍ വേങ്ങാട് സാന്ത്വനത്തെപ്പോലുള്ള സന്നദ്ധ സംഘടനകളും ജനങ്ങളും സര്‍ക്കാരും ഒന്നിച്ചു നിന്നതിനാല്‍ പ്രതിസന്ധിയെ നേരിടാന്‍ കഴിഞ്ഞു. സന്നദ്ധസംഘടനകള്‍ നല്‍കുന്ന സേവനം മഹത്തരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പതിനാറാം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച പതിനാറുപേരെയാണ് ആദരിച്ചത്. സാധാരണയായി മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ നടക്കുമ്പോള്‍ പോലീസ് രഹസ്യാന്വേഷണവിഭാഗം അതിന്റെ സംഘാടകരെ കുറിച്ചു മുന്‍കൂട്ടി വിവരങ്ങള്‍ അന്വേഷിക്കാറുണ്ട്. പോക്സോ കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതി സംഘാടകനും മുഖ്യഅധ്യക്ഷനുമായ ചടങ്ങില്‍ മന്ത്രി പങ്കെടുത്തത് പോലീസിന് സംഭവിച്ച ഗുരുതരവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഇതേ കുറിച്ചു പോലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്.
അവാര്‍ഡു ദാന ചടങ്ങില്‍ പങ്കെടുത്ത പലര്‍ക്കും പ്രദീപന്‍ തൈക്കണ്ടിയുടെ പശ്ചാത്തലം അറിയില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. വെറും അവാര്‍ഡ് ശില്‍പ്പവും പ്രശംസാപത്രവുമാണ് ജേതാക്കള്‍ക്ക് നല്‍കിയത്. ഈ അവാര്‍ഡ് മേള തട്ടിക്കൂട്ടുപരിപാടിയാണെന്ന ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സംഘാടകര്‍ക്കെതിരെയും അന്വേഷണമാരംഭിച്ചിട്ടുണ്ട്.