തിരുവനന്തപുരം : ഹണി ട്രാപ്പു കേസില്‍ പ്രതിയായ യുവാവിന് മുന്‍കൂര്‍ ജാമ്യം. ഹണി ട്രാപ്പു കേസില്‍ പ്രതിയായ യുവാവിന് തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി സോപാധിക മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വെള്ളറട സ്വദേശി സുരേഷിനാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ തന്നെ ഇരുപത്തയ്യായിരം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടും ഹാജരാക്കണം.
അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം. തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. ജാമ്യഹര്‍ജിയില്‍ അവ്യക്തമായ റിപ്പോര്‍ട്ടു ഹാജരാക്കിയ വെള്ളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മൃദുലിനെ ജില്ലാ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. കോടതിയില്‍ മാപ്പിരന്ന സി ഐ ക്ക് പ്രായം കണക്കിലെടുത്ത് മേലില്‍ ആവര്‍ത്തിക്കരുതെന്ന (സെന്‍ഷ്വര്‍) താക്കീതും കോടതി നല്‍കിയിരുന്നു.
തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.എന്‍. അജിത് കുമാറാണ് സി ഐ യുടെ കൃത്യവിലോപം നീതി നിര്‍വ്വഹണത്തിലുള്ള ഇടപെടലായ കോടതിയലക്ഷ്യമെന്ന് നിരീക്ഷിച്ച് സി ഐ യെ വിളിച്ചു വരുത്തിയത്. കഴിഞ്ഞ ബുധനാഴ്ച ഹാജരായ സി ഐ വ്യക്തമായ റിപ്പോര്‍ട്ടും സി ഡി ഫയലും സിഐ ഹാജരാക്കി.
ഒരിക്കലത്തേക്ക് മാപ്പു നല്‍കുമാറാകണമെന്ന് സിഐ കോടതിയില്‍ മാപ്പപേക്ഷിക്കുകയായിരുന്നു. ഇനിയാവര്‍ത്തിച്ചാല്‍ ബുദ്ധിമുട്ടാകുമെന്ന് കോടതി സി ഐ ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് സി ഐക്കെതിരായ നടപടി അവസാനിപ്പിച്ചത്. സ്ഥിരമായി സി ഐ മൃദുല്‍ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് കോടതിയില്‍ സമര്‍പ്പിക്കുന്നതെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. നിങ്ങളാണോ അതോ മറ്റാരെങ്കിലുമാണോ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന ചോദ്യത്തിന് വിറച്ചു നിന്ന സി ഐ കോടതിയില്‍ മാപ്പപേക്ഷിക്കുകയായിരുന്നു.
കോടതിയുടെ ഓരോ ചോദ്യങ്ങള്‍ക്കും മുന്നില്‍ പതറിപ്പോയ സിഐ ‘സര്‍ ‘ വിളി ആവര്‍ത്തിച്ച് കേണപേക്ഷിക്കുകയായിരുന്നു. ആരെങ്കിലും എഴുതുന്ന റിപ്പോര്‍ട്ടില്‍ ഒപ്പിടും മുമ്പ് വസ്തുതകള്‍ ഒത്തു നോക്കി പരിശോധിച്ച് ബോധ്യപ്പെടേണ്ടതുണ്ട്. വരും വരായ്കകള്‍ ചിന്തിച്ചു വേണം ഒപ്പിടാന്നെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ദീര്‍ഘകാലം സര്‍വ്വീസുള്ളതിനാല്‍ സര്‍വ്വീസ് ബുക്കില്‍ സ്റ്റിഗ്മ ( കളങ്കം) ചുവപ്പു മഷി പുരളണ്ടെന്ന് കരുതിയാണ് വെറുതെ വിടുതെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ജാമ്യഹര്‍ജിയില്‍ കോടതി 12 ന് വിധി പറയും.