തിരുവനന്തപുരം: വാഹന ഇന്‍ഷുറന്‍സില്‍ നോണ്‍ വയലേഷന്‍ ബോണസ് നല്‍കുന്ന കാര്യം ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വ്യാഴാഴ്ച ചേര്‍ന്ന ഉന്നതതല യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. റോഡപകടങ്ങളും മരണവും കുറഞ്ഞതുകൊണ്ട് നിരവധി മനുഷ്യജീവന്‍ രക്ഷിക്കാനായതിനോടൊപ്പം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നേട്ടവും ഉണ്ടായതായാണ് കരുതുന്നത്. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പോളിസിയില്‍ ഇളവും തുടരെത്തുടരെ നിയമലംഘനം നടത്തുന്നവര്‍ക്ക് പിഴയും നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെടാനാണ് നിലവിലെ തീരുമാനം.
ഓരോ വര്‍ഷം ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ ഗതാഗത നിയമ ലംഘന പിഴ തുക അടച്ചതായി ഉറപ്പുവരുത്തുവാന്‍ നിര്‍ദേശം നല്‍കും. അപകടമുണ്ടായ ഉടനെ നല്‍കേണ്ട ഗോള്‍ഡന്‍ ഹവര്‍ ട്രീറ്റ്‌മെന്റിന്റെ ചെലവുകള്‍ വഹിക്കുന്നതിനും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും പരിശീലനം സംഘടിപ്പിക്കുവാനും ആവശ്യപ്പെടും. റോഡരികുകളില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനും ഇന്‍ഷുറന്‍സ് കമ്പനികളോട് അഭ്യര്‍ത്ഥിക്കും. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി സെപ്റ്റംബര്‍ മൂന്നാം വാരം ഇന്‍ഷുറന്‍സ് കമ്പനി മേധാവികളുടെയും ഐആര്‍ഡിഎ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.