തിരുവനന്തപുരം: ഗതാഗത വകുപ്പ് തന്നെയാണെന്ന മാധ്യമ വാർത്തകൾ ശരിവക്കുന്ന സൂചന നൽകി മന്ത്രി സി പി ജോൺ. ഗതാഗത വകുപ്പിന്റെ ഔദ്യോഗിക ചുമതല താൻ ഏറ്റെടുക്കുന്നതേയുള്ളൂവെന്നും, ചാർജ് എടുത്ത ശേഷം എല്ലാ കാര്യങ്ങളും മാധ്യമപ്രവർത്തകരെ നേരിട്ട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കാണ് ഗതാഗത വകുപ്പ് ലഭിക്കുകയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അത് താൻ നിഷേധിക്കുന്നില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് മുന്നണിയിൽ ചർച്ചകൾ നടന്നിരുന്നുവെന്നും സി പി ജോൺ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ജൂൺ 15 മുതൽ കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് ഇന്നുവരെ ലഭിച്ചിട്ടില്ലാത്ത വിധത്തിലുള്ള വലിയ ആനുകൂല്യങ്ങൾ പുതിയ സർക്കാർ നടപ്പാക്കുമെന്നും, എന്നാൽ അതിന് മുൻപായി വകുപ്പിലെ കാര്യങ്ങൾ വ്യക്തമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രൈവറ്റ് ബസ് വ്യവസായത്തെ നശിപ്പിക്കാൻ പുതിയ സർക്കാർ ഒരിക്കലും ശ്രമിക്കില്ല. കെ എസ് ആർ ടി സിയും സ്വകാര്യ ബസുകളും പരസ്പര പൂരകങ്ങളായി മുന്നോട്ട് പോകണമെന്നാണ് തന്റെ നിലപാടെന്നും സി പി ജോൺ പറഞ്ഞു. പുതിയ ഗതാഗത നയ രൂപീകരണത്തിന് മുന്നോടിയായി വലിയ ചർച്ചകൾക്കാണ് മന്ത്രി തുടക്കം കുറിച്ചിരിക്കുന്നത്.































