കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും ഭരണം തങ്ങളുടെ നിലപാടുകൾ തുറന്നു പറയുന്നതിന് ഒരു തടസമല്ലെന്നും വ്യക്തമാക്കി മന്ത്രി കെ.എം ഷാജി. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന പരോക്ഷ സൂചന നൽകിയ അദ്ദേഹം എന്തിന് നിൽക്കുന്നുവെന്നും ആർക്ക് വേണ്ടി സംസാരിക്കുന്നുവെന്നും കൃത്യമായ ബോധ്യമുള്ള പാർട്ടിയാണ് മുസ്‌ലിം ലീഗെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിരുന്ന പത്ത് വർഷക്കാലം യൂത്ത് ലീഗ് പ്രവർത്തകർ ഉയർത്തിയ മുദ്രാവാക്യങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമായി സഭയിൽ തങ്ങൾ യാതൊന്നും തീരുമാനിക്കില്ലെന്ന് അദ്ദേഹം പ്രവർത്തകർക്ക് ഉറപ്പുനൽകി.
ഭരണം ഒന്നിനും തടസമല്ല. തങ്ങളുടെ ഭാഗത്തുനിന്നും ആ മുദ്രാവാക്യങ്ങൾക്ക് എതിരായി എന്തെങ്കിലും സഭയിൽ പറഞ്ഞാൽ പഴയതിനേക്കാൾ കരുത്തോടെ അതിനെതിരെ പ്രതികരിക്കാൻ പ്രവർത്തകർക്ക് സാധിക്കണം. പോരാട്ടവീര്യത്തോടെ പതാക ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകാനും അദ്ദേഹം യൂത്ത് ലീഗ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ജനകീയാസൂത്രണം പോലെയുള്ള മികച്ച പദ്ധതികൾക്ക് മാതൃകയായ ജില്ലയിൽ, ശുചിത്വവുമായി ബന്ധപ്പെട്ട പുതിയൊരു മാതൃകാ പദ്ധതി ഏറ്റെടുക്കാൻ പ്രവർത്തകർ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മോഹൻ ഭാഗവതിന്റെ കൂരയുടെ മുകളിൽ കൂര കെട്ടിയല്ല ഇന്ത്യയിലെ മുസ്‌ലിംകൾ ജീവിക്കുന്നത്.
ഇവിടെ ജീവിക്കാൻ ഒരു ആർഎസ്എസുകാരന്റെയും ഔദാര്യം ഇന്ത്യയിലെ മുസ്‌ലിംകൾക്ക് ആവശ്യമില്ല. ന്യൂയോർക്കിൽ പോയി ഇന്ത്യയിലെ മുസ്‌ലിംകൾക്ക് ഇവിടെ ജീവിക്കാമെന്ന് പറയാൻ മോഹൻ ഭാഗവതിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഷാജി പറഞ്ഞു. മുസ്‌ലിംകൾക്ക് ഇന്ത്യയിൽ ജീവിക്കാമെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കപിൽ സിബൽ ഇതിന് കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും ഈ വിഷയത്തിൽ ബിജെപി നേതാക്കളായ കെ.സുരേന്ദ്രന്റെയും രാജീവ് ചന്ദ്രശേഖറിന്റെയും അഭിപ്രായം എന്താണെന്നും അദ്ദേഹം ചോദിച്ചു.
എ.പി അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീകളുമായി ബന്ധപ്പെട്ട പരാമർശത്തിൽ ലീഗ് നേതാക്കൾ പ്രതികരിക്കുന്നില്ലെന്ന കെ. സുരേന്ദ്രന്റെയും രാജീവ് ചന്ദ്രശേഖറിന്റെയും ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ബഹുമാന്യനായ എ.പി അബൂബക്കർ മുസ്‌ലിയാർ തന്റെ നേതാവോ പാർട്ടിക്കാരനോ അല്ല. എന്നാൽ ഇതിൽ അഭിപ്രായം പറയുന്നതിന് മുമ്പ് ബിജെപി നേതാക്കൾ സ്വന്തം നേതാക്കളുടെ സ്ത്രീവിരുദ്ധ നിലപാടുകൾക്ക് മറുപടി പറയണമെന്ന് ഷാജി ആവശ്യപ്പെട്ടു.

































