കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. തിരുവോണദിവസം ജീവനക്കാർക്കും മറ്റുള്ളവർക്കുമായി ഒരേ പന്തലിൽ വ്യത്യസ്ത തരത്തിലുള്ള ഭക്ഷണം വിളമ്പിയ സംഭവമാണ് മന്ത്രി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ജീവനക്കാർക്ക് സദ്യയും മറ്റുള്ളവർക്ക് മഞ്ഞച്ചോറുമാണ് നൽകിയതെന്ന് മന്ത്രി ആരോപിച്ചു.
ഇതിനെ ‘പുലാവ്’ എന്നാണ് വിശേഷിപ്പിച്ചതെങ്കിലും കണ്ടാൽ അങ്ങനെ തോന്നുന്നില്ലെന്നും മന്ത്രി പരിഹസിച്ചു. ദേവസ്വം ബോർഡുമായി വ്യക്തിപരമായി അസംതൃപ്തിയില്ലെങ്കിലും ബോർഡിന്റെ പ്രവർത്തനത്തിൽ തനിക്ക് സംതൃപ്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു മന്ത്രിയുടെ വിമർശനം.































