തിരുവനന്തപുരം: വയനാട് ടൗൺഷിപ്പിന് മാർച്ച് 27ന് തറക്കല്ലിടുമെന്ന് അറിയിച്ച് മന്ത്രി കെ രാജൻ. അദ്ദേഹം ഇക്കാര്യം പറഞ്ഞത് നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി ആയാണ്. സർക്കാർ അഭിമാനകരമായ ദുരന്തനിവാരണ പ്രക്രിയയിലാണെന്നും, പുനരധിവാസ പട്ടിക തയ്യാറാക്കിയത് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 120 കോടി രൂപ ഉപയോഗിച്ച് റോഡുകൾ പുനർനിർമ്മിക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാരിനെതിരായ അടിയന്തര പ്രമേയം കൊണ്ടുവന്നത് ടി സിദ്ദിഖ് എം എൽ എയാണ്. ഏറെ നേരത്തെ വാഗ്വാദത്തിന് ശേഷം പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടു. കേന്ദ്ര സർക്കാർ മാലാഖയായി അല്ല, ചെകുത്താനായി ആണ് അവതരിച്ചതെന്നും കെ രാജൻ വിമർശിച്ചു. കൊടുക്കാത്ത ബ്രെഡ് പൂത്തതായി വരെ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ടി സിദ്ദിഖ് എം എൽ എയുടെ അടിയന്തര പ്രമേയ നോട്ടീസിലെ ആരോപണം സർക്കാർ ദുരന്തബാധിതരുടെ അന്തിമ പട്ടിക തയ്യാറാക്കാൻ പോലും കാലതാമസം വരുത്തുന്നുവെന്നായിരുന്നു. ദുരന്തബാധിതരുടെ സിബിൽ സ്‌കോർ താഴേക്ക് പോയെന്നും, വായ്പ കിട്ടാത്ത അവസ്ഥയാണെന്നും പറഞ്ഞ പ്രതിപക്ഷം, സംസ്ഥാന സർക്കാരിൻ്റേത് നിരുത്തരവാദപരമായ സമീപനമാണെന്ന് കാട്ടി സഭയിൽ നിന്നും ഇറങ്ങിപ്പോയി.