കൊച്ചി : എ.എം ആരിഫിന്റെ കത്ത് സ്ഥിരീകരിച്ച് മുഹമ്മദ് റിയാസ്. ആരിഫ് എംപിയുടെ കത്ത് ലഭിച്ചുവെന്നും കരാറുകാരന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊതുമരാമരത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ജി.സുധാകരൻ മന്ത്രിയായ കാലത്തും റോഡുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിരുന്നുവെന്ന് മന്ത്രി അറിയിച്ചു. ചില നിർദേശങ്ങൾ വച്ച് കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്. ജി.സുധാകരന്റെ തുടർച്ചയാണ് താനെന്നും റിയാസ് പറഞ്ഞു.
ജി.സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കാണിച്ചാണ് എ.എം ആരിഫ് എംപി കത്ത് നൽകിയത്. ദേശീയപാത 66 ൽ അരൂർ മതൽ ചേർത്തല വരെ (23.6 കിമീ) പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്ന് ആരിഫ് ആരോപിച്ചു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് എ.എം ആരിഫ് എംപി കത്ത് നൽകി. കുറ്റക്കാർക്കെതിരെ നിയമനടപടി വേണമെന്നും കത്തിൽ പറയുന്നു.
2019 ൽ 36 കോടി ചെലവിട്ട് ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു പുനർനിർമാണം. കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണെങ്കിലും നിർമാണ ചുമതല സംസ്ഥാന പൊതുമരാമത്ത് ദേശീയപാതവിഭാഗത്തിന് ആയിരുന്നു. ജർമൻ സാങ്കേതികവിദ്യ എന്ന ആശയം കേന്ദ്രത്തിന്റേതാണ്. മൂന്ന് വർഷം ഗ്യാരണ്ടിയോടെ നിർമ്മിച്ച റോഡിന് നിലവാരം ഇല്ലെന്നും റോഡിൽ ഉടനീളം കുഴികൾ രൂപപ്പെടുന്നുവെന്നും ആരിഫ് എം.പി ചൂണ്ടിക്കാട്ടി.