ന്യൂഡല്‍ഹി : ഭൂഗര്‍ഭ ജലം വലിച്ചെടുക്കുന്നതിന് ഇനി കൃത്യമായ അനുമതി വേണമെന്ന് കര്‍ശന നിര്‍ദേശം. കേന്ദ്ര ജലശക്തി മന്ത്രലായം കഴിഞ്ഞദിവസം പുറപ്പടുവിച്ച പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യമുള്ളത്. ഇതുപ്രകാരം അധികൃതരില്‍നിന്ന് നിരാക്ഷേപപത്രം (എന്‍.ഒ.സി.) നിര്‍ബന്ധമായും വാങ്ങണം. എന്‍.ഒ.സി. ഇല്ലാതെ ഭൂജലമെടുത്താല്‍ 50,000 രൂപമുതല്‍ 10 ലക്ഷം രൂപവരെയാണ് പിഴ.
വ്യവസായ യൂണിറ്റുകള്‍, ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികള്‍, ടാങ്കുകളില്‍ വെള്ളം വിതരണംചെയ്യുന്ന സ്വകാര്യ സംരംഭകര്‍ തുടങ്ങിയവര്‍ക്കെല്ലാം ഇത് ബാധകമാണ്. എ.ഒ.സി ലഭിക്കണമെങ്കില്‍ ദിവസം 20,000 ലിറ്ററില്‍ കൂടുതല്‍ ഭൂജലം ഉപയോഗിക്കുന്ന അപാര്‍ട്ട്‌മെന്റുകളിലും ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികളിലും മലിനജല ശുദ്ധീകരണപ്ലാന്റുകള്‍ നിര്‍ബന്ധമായും സ്ഥാപിച്ചിരിക്കണം. അങ്ങനെയുള്ളവര്‍ക്ക് സര്‍ക്കാര്‍ ഏജന്‍സി കുടിവെള്ളം എത്തിക്കുന്നതുവരെ അഞ്ചുകൊല്ലത്തേക്കാണ് എന്‍.ഒ.സി. നല്‍കുക. ഭൂജലത്തിന് പണം നല്‍കുകയും വേണം.
ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഒരുമാസം 25,000 ലിറ്റര്‍വരെ ഭൂജലം സൗജന്യമായി വലിച്ചെടുക്കാം. അതിനുമുകളില്‍, 26,000 ലിറ്ററിനും 50,000 ലിറ്ററിനും ഇടയില്‍ ഉപയോഗിക്കുന്ന ഓരോ ആയിരം ലിറ്ററിനും ഒരുരൂപ നിരക്കിലും 50,000 ലിറ്ററിന് മുകളിലുള്ളതിന് രണ്ടുരൂപ നിരക്കിലും ചാര്‍ജ് ഈടാക്കും. കൂടാതെ, ഭൂജലം വില്‍ക്കുന്ന എല്ലാ സ്വകാര്യ ടാങ്കുകളിലും ജി.പി.എസ്. സംവിധാനവും നിര്‍ബന്ധമാണ്. വെള്ളം വില്‍ക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതിയും ആവശ്യമാണ്.