മുംബൈ : പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുംബൈ സ്വദേശിയായ 27 കാരനാണ് അറസ്റ്റിലായത്. ഇയാളെ കൂടാതെ പെൺകുട്ടിയുടെ അമ്മ, പ്രതിയുടെ മാതാപിതാക്കൾ, വിവാഹം നടത്തിയ മതപണ്ഡിതൻ എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പോക്‌സോ, ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാഹം നടന്നത്. പ്രസവത്തിനായി ആശുപത്രിയിലെത്തിച്ചപ്പോൾ പെൺകുട്ടിയുടെ പ്രായം ആശുപത്രി അധികൃതർ ചോദിച്ചിരുന്നു. ഇരുപത് വയസ്സ് എന്നായിരുന്നു ഭർത്താവും മാതാപിതാക്കളും പറഞ്ഞത്. എന്നാൽ പെൺകുട്ടിയുടെ ആധാർകാർഡ് ശ്രദ്ധയിൽപെട്ടതോടെയാണ് ഡോക്ടർമാർ വിവരം പോലീസിൽ അറിയിക്കുന്നത്. ആധാർ കാർഡിൽ കുട്ടിയുടെ ജന്മ വർഷം 2006 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെയാണ് യഥാർത്ഥ പ്രായം പുറത്തായത്.