തിരുവനന്തപുരം : പോലീസിനെതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങളുമായി സി പി ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. പല കേസുകളിലും രാഷ്ട്രീയപാർട്ടികളും മതസംഘടനകളും നൽകുന്ന പേരുകാരെ പ്രതികളാക്കുന്ന പ്രവണതയുണ്ടെന്നും ഇത് ആപത്താണെന്നും പന്ന്യൻ തുറന്നടിച്ചു. ചില ഉദ്യോഗസ്ഥർ അതിന് വേണ്ടി മാത്രം നിൽക്കുന്നു. ഈ ഏർപ്പാട് കേസുകളെ ദുർബലപ്പെടുത്തുമെന്നും പന്ന്യൻ വിമർശിച്ചു.
പിങ്ക് പോലീസ് വിചാരണയുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് പന്ന്യന്‍റെ പ്രതികരണം. നേരത്തെ മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പോലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ ഇരയായ കുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സർക്കാരിനോട് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്.
സംഭവത്തിൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥക്കെതിരെ ജില്ലാ പോലീസ് മേധാവിയോട് അച്ചടക്ക നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു. ജനങ്ങളുമായി ഇടപെടുന്നത് സംബന്ധിച്ച് സംഭവത്തിൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്ക്ക് പ്രത്യേക പരിശീലനം കൊടുക്കണമെന്ന് നിർദ്ദേശിച്ച കോടതി ക്രമസമാധാന പാലന ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റി നിര്‍ത്തണമെന്നും വ്യക്തമാക്കി