തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ ആറോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാദ്ധ്യതയുണ്ട്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാനാണ് സാദ്ധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാദ്ധ്യതയുണ്ട്. ഇടിമിന്നലിന്റെ ലക്ഷണം കണ്ടുകഴിഞ്ഞാലുടന്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക. തുറസ്സായ സ്ഥലങ്ങള്‍ ഒഴിവാക്കി കെട്ടിടങ്ങള്‍ക്കുള്ളില്‍ തങ്ങുന്നതാണ് ഉചിതം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള സമയങ്ങളില്‍ ജനലും വാതിലും അടച്ചിടുക. ഇവയ്ക്ക് അടുത്ത് തന്നെ നില്‍കുന്നത് അപകടമാണ്.
ഇലക്‌ട്രിക് ഉപകരണങ്ങളുടെ വൈദ്യുതി ബന്ധം വിശ്ചേദിക്കുകയും അവയില്‍ സ്പര്‍ശിക്കാതിരിക്കുകയും ചെയ്യുക. ഇടിമിന്നലുള്ള സമയങ്ങളില്‍ ടെലിഫോണ്‍ ഉപയോഗിക്കാതിരിക്കുക. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് അപകടമുണ്ടാകാന്‍ സാദ്ധ്യതയില്ല. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കുന്നതും വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നതും ഒഴിവാക്കുക. അതേ സമയം ഇടിമിന്നലുള്ള സമയത്ത് വെളിയിലാണെങ്കില്‍ വാഹനത്തിനുള്ളില്‍ തന്നെ തുടരുന്നതാണ് ഉചിതം.
ഉച്ചയ്ക്കു ശേഷം ആകാശം മേഘാവൃതമാണെങ്കില്‍ കുട്ടികള്‍ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക. മഴക്കാറ് കാണുമ്പോള്‍ ടെറസിലേക്കോ മുറ്റത്തേക്കോ തുണികള്‍ എടുക്കാന്‍ പോകുന്നത് ഒഴിവാക്കുക. മിന്നലുള്ള സമയത്ത് ആട്, പശു തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെ തുറസ്സായ സ്ഥലങ്ങളില്‍ കെട്ടരുത്. ജലാശയങ്ങളില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങാന്‍ പാടില്ല. ടാപ്പില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും അതില്‍ കുളിക്കുന്നതും ഒഴിവാക്കുക. മിന്നല്‍ മൂലമുള്ള വൈദ്യുതി പൈപ്പുകളിലൂടെ സഞ്ചരിക്കാന്‍ സാദ്ധ്യതയുണ്ട്.