തെന്മല: ആര്യങ്കാവിനടുത്ത് റോസ്മല കാണാന്‍പോയ യുവാക്കളില്‍ ഒരാളെ കാണാനില്ല. കാട്ടുപോത്ത് ഓടിച്ചതിനെ തുടര്‍ന്ന് കോട്ടയം പുതുപ്പള്ളി സ്വദേശി സുമേഷിനെയാണ് കാണാതായത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. പുതുപ്പള്ളി സ്വദേശികളും ബന്ധുക്കളുമായ സുമേഷും അജേഷും ബൈക്കില്‍ റോസ്മലയില്പോയി തിരികെ വരുന്നതിനിടെ മൂത്രമൊഴിക്കാനായി പോയ സുമേഷിനെ കാട്ടു പോത്ത് ഓടിക്കുകയായിരുന്നു.
റോസ്മല രാജാകൂപ്പ് ഭാഗത്ത് ബൈക്ക് നിര്‍ത്തിയശേഷമാണ് സുമേഷിനെ കാണാതായതെന്ന് പറയുന്നു. മൂത്രമൊഴിക്കാനായി തോടിന് മറുകരയില്‍ എത്തിയപ്പോള്‍ തന്നെ കാട്ടുപോത്ത് ഓടിച്ചെന്നും വഴിതെറ്റിയെന്നും സുമേഷ് തന്റെ ഫോണില്‍നിന്ന് പോലീസിനെ അറിയിച്ചു. കാട്ടുപോത്തിനെ കണ്ടുഭയന്ന സുമേഷ് മരത്തിനുമുകളില്‍ ഇരിക്കുന്നതായാണ് പോലീസിന് വിവരം ലഭിച്ചത്. താന്‍ നില്‍ക്കുന്നയിടത്തിന്റെ ചിത്രങ്ങളും മൊബൈലില്‍ പോലീസിന് അയച്ചുകൊടുത്തു. ഈ വിവരം അനുസരിച്ച് തെന്മല പോലീസ് ആര്യങ്കാവ് വനംവകുപ്പുമായി ബന്ധപ്പെട്ടു. രാത്രി ഏഴുവരെയും സുമേഷുമായി ഫോണിലൂടെ അധികൃതര്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അതിനുശേഷം മൊബൈല്‍ സ്വിച്ച് ഓഫ് ആയി.