കൊച്ചി: പ്രശസ്ത സംഗീത സംവിധായകൻ എം.കെ അർജുനൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ പുലർച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. 84 വയസായിരുന്നു. അർജുനൻ മാസ്റ്റർ എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. എഴുന്നൂറോളം സിനിമകൾക്കും പ്രൊഫണൽ നാടകങ്ങൾക്കും സംഗീതമൊരുക്കി. 2017 ൽ മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. ഭയാനകം എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയതിനായിരുന്നു പുരസ്കാരം. എ ആർ റഹ്മാന്റെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റവും അർജുനൻ മാസ്റ്റർ വഴിയായിരുന്നു. അർജുനൻ മാസ്റ്റർക്കൊപ്പം കീ ബോർഡ് പ്ലയറായി റഹ്മാൻ പ്രവർത്തിച്ചിട്ടുണ്ട്.
1936 ആഗസ്റ്റ് 25 ന് ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളില്‍ ഏറ്റവും ഇളയവനായാണ് അര്‍ജുനന്‍ ജനിക്കുന്നത്. ചങ്ങനാശ്ശേരി ഗീത, പീപ്പിള്‍സ് തിയറ്റര്‍, ദേശാഭിമാനി തിയറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്ര, കെ.പി.എ.സി തുടങ്ങിയ കലാസമിതികള്‍ക്ക് വേണ്ടി 300 ലേറെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലൂടെയാണ് അര്‍ജുനന്‍ മാസ്റ്റര്‍ സിനിമ സംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്.