തിരുവല്ല : എല്‍.ഡി.എഫിലെ പ്രധാന ഘടക കക്ഷികളെ ക്ഷണിക്കാതിരുന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിട ഉദ്ഘാടന ചടങ്ങില്‍ നിന്നും എം.എല്‍.എ അടക്കം വിട്ടു നിന്നു. സംഭവം വിവാദമായതോടെ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങി. ഭരണകക്ഷി അംഗങ്ങളും പിന്നാലെ പോയി. രക്ഷാകര്‍ത്താക്കളുടെ ആവശ്യ പ്രകാരം പ്രതിപക്ഷാംഗങ്ങള്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ചാത്തങ്കരി ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിട ഉദ്ഘാടന ചടങ്ങാണ് വിവാദമായത്. ഇന്നലെ വൈകീട്ട് നാലിനാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. സ്ഥലം എം.എല്‍.എ മാത്യു ടി. തോമസായിരുന്നു ഉദ്ഘാടകന്‍.
ചടങ്ങിന്റെ മുഖ്യസംഘാടകനായ പഞ്ചായത്ത് പ്രസിഡന്റും ഉദ്ഘാടകനായ എം.എല്‍.എയും എത്താതിരുന്നതിനെ തുടര്‍ന്ന് ക്ഷുഭിതരായ രക്ഷാകര്‍ത്താക്കളുടെ ആവശ്യപ്രകാരമാണ് പ്രതിപക്ഷാംഗങ്ങള്‍ ഉദ്ഘാടനം നടത്തിയത്. എല്‍ ഡി എഫിലെ പ്രധാന ഘടക കക്ഷികളായ സി.പി.ഐയെയും ജനതാ ദളിനെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതാണ് എം.എല്‍.എ അടക്കം വിട്ടു നില്‍ക്കാന്‍ ഇടയാക്കിയത്. പരിപാടിയുടെ പ്രധാന സംഘാടകരായ പെരിങ്ങര ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്ക് സംഭവിച്ച വീഴ്ചയാണ് പ്രശ്‌നത്തിന് ഇടയാക്കിയത്.
ഉദ്ഘാടന ചടങ്ങിലേക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ലെന്ന് കാട്ടി സി.പി.ഐയും ജനതാദളും ഇന്നലെ ഉച്ചയോടെ പരാതിയുമായി സി.പി.എം ഏരിയാ കമ്മിറ്റിയെ സമീപിച്ചു. ഏരിയാ കമ്മിറ്റിയില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫിന് വിളിയെത്തി. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കേണ്ട എന്ന നിര്‍ദേശവും ലഭിച്ചു. ഇതോടെയാണ് പ്രസിഡന്റ് മൊബൈല്‍ ഓഫാക്കി മുങ്ങിയത്. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഭരണ കക്ഷിയില്‍പ്പെട്ട അംഗങ്ങളും സ്ഥലം കാലിയാക്കി. ഇതേ തുടര്‍ന്നാണ് രക്ഷാകര്‍ത്താക്കള്‍ അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജന പ്രതിനിധികള്‍ ചേര്‍ന്ന് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയത്.
പി.ടി.എ തീരുമാന പ്രകാരം അഞ്ച് മണിയോടെ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അരുന്ധതി അശോക് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പെരിങ്ങര ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ചന്ദ്രു എസ്. കുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്. സനല്‍ കുമാരി, അശ്വതി രാമചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. സതീഷ് ചാത്തങ്കരി, സ്‌കൂള്‍ ഹെഡ് മിസ്ട്രസ് കലാകുമാരി, പി.ടി.എ പ്രസിഡന്റ് കവിത രാജന്‍, രാധിക, പി.സി രാജു, രമ്യ എബി എന്നിവര്‍ പ്രസംഗിച്ചു.