റാന്നി: കൊല്ലമുള വില്ലേജിനെ പരിസ്ഥിതിലോല പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നതിന് സർവ്വകക്ഷിയോഗം വിളിച്ചതായി അഡ്വ.പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. 26ന് വൈകിട്ട് 4 ന് കൊല്ലമുളയിലാണ് യോഗം ചേരുക. കൊല്ലമുള വില്ലേജ് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചതോടെ വെച്ചൂച്ചിറ പഞ്ചായത്തിലെ 10 വാർഡുകൾ പൂർണ്ണമായും ഒരു വാർഡ് ഭാഗികമായും പെരുനാട് പഞ്ചായത്തിലെ നാല് വാർഡുകൾ പൂർണമായും പരിസ്ഥിതിലോല പ്രദേശത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ്.
കൊല്ലമുള വില്ലേജിൽ ഉൾപ്പെട്ട പ്രദേശങ്ങളെല്ലാം ജനവാസ മേഖലകളാണ്. ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച പെരുന്തേനരുവി, പെരുന്തേനരുവി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ്, വെച്ചൂച്ചിറ ഗവ പോളിടെക്നിക്ക് , നവോദയ സ്കൂൾ , വെൺകുറിഞ്ഞി, വെച്ചൂച്ചിറ കോളനി, കിസുമം ഉൾപ്പെടെ മൂന്ന് ഗവ ഹയർ സെക്കൻഡറി സ്കൂളുകൾ, ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉൾപ്പെടെ നിരവധി മറ്റ് സ്കൂളുകൾ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററുകൾ, ശബരിമല പാതകൾ ഉൾപ്പെടെയുള്ളവ ഇതോടെ പരിസ്ഥിതി ലോല പ്രദേശത്താകും.
ഇതോടെ ഈ പ്രദേശങ്ങളിൽ ഭാവിയിൽ യാതൊരു വികസനവും നടത്താൻ പറ്റാത്ത സ്ഥിതിയാകും. ജനവാസ മേഖലയായ കൊല്ലമുള വില്ലേജിനെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പാർട്ടിയിൽനിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് എംഎൽഎ ഇരു പഞ്ചായത്ത് അധികൃതരുമായി ചർച്ച ചെയ്ത് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകും.