ചെങ്ങന്നൂർ : മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്ഥലമില്ലാത്ത പാവപ്പെട്ടവരെ സഹായിക്കാൻ നഗരസഭ വാങ്ങിയ സഞ്ചരിക്കുന്ന ശ്മശാനം ഒരുവർഷമായിട്ടും പ്രവർത്തിക്കുന്നില്ല. നഗരസഭാ കെട്ടിടത്തിലെ മുറിയിൽ ഇതു പൂട്ടിവെച്ചിരിക്കുകയാണ്. നഗരസഭയിൽ സംസ്കാരാവശ്യത്തിന് വാടകയ്ക്കു നൽകുന്ന പദ്ധതിയായാണ് നഗരസഭ വിഭാവനം ചെയ്തത്. 2023-24 വർഷികപദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നഗരസഭ മൊബൈൽ ക്രിമറ്റോറിയം വാങ്ങിയത്. ബി.പി.എൽ., എ.പി.എൽ. വിഭാഗങ്ങൾക്ക് യഥാക്രമം 4,000, 5,000 രൂപ വീതവും നഗരത്തിനു പുറത്തുള്ളവർക്ക് 6,000 രൂപയുമാണ് വാടക നിശ്ചയിച്ചത്.
അതനുസരിച്ച് പദ്ധതിനിർവഹണത്തിനായി നിയമാവലിയും കൗൺസിൽ അംഗീകരിച്ചതാണ്. ഭൂരഹിതരിൽ പലരും സംസ്കാരത്തിനായി ആലപ്പുഴ ചുടുകാട്ടിലുംമറ്റും ആശ്രയിക്കേണ്ട സാഹചര്യമാണ്. ഈയൊരു പശ്ചാത്തലത്തിൽ മൊബൈൽ ശ്മശാന യന്ത്രം വാങ്ങാനൊരുങ്ങിയ നഗരസഭയുടെ തീരുമാനം പരക്കേ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. എന്നാൽ, പദ്ധതി നടപ്പാക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടെന്നാണ് വിമർശനം. അതേസമയം സഞ്ചരിക്കുന്ന ശ്മശാനം സംബന്ധിച്ച ബൈലോ കൗൺസിൽ അംഗീകരിച്ചെന്നും അടുത്തഘട്ടമായി ശ്മശാനം പ്രവർത്തിപ്പിക്കാൻ ലീസിനു നൽകുമെന്നും നഗരസഭാധ്യക്ഷ ശോഭാ വർഗീസ് പറഞ്ഞു.