ന്യൂഡല്‍ഹി : 4,500 അടിപൊളി മൊബൈല്‍ ഫോണ്‍ ലഭിക്കുമെന്ന വാഗ്‌ദാനം കേട്ട് ഓർഡർ ചെയ്‌തവര്‍ക്ക് കിട്ടിയത് സോപ്പുകള്‍. സംഭവത്തില്‍ ഡല്‍ഹിയിലെ രോഹിണി പ്രദേശത്ത് 53 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ 46 പേര്‍ സ്ത്രീകളാണ്. പ്രതികള്‍ രണ്ട് അനധികൃത കോള്‍ സെന്ററുകള്‍ നടത്തിയിരുന്നു, അവിടെ നിന്ന് പോസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് വിളിച്ചായിരുന്നു ആളുകളെ കെണിയില്‍ വീഴ്ത്തിയിരുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രണവ് തയാല്‍ പറഞ്ഞു.
നിരവധി സംസ്ഥാനങ്ങളിലെ ആളുകളെ റാക്കറ്റ് ലക്ഷ്യം വച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. 18000 രൂപ വിലയുള്ള രണ്ട് ഫോണുകള്‍ 4,500 രൂപയ്ക്ക് കിട്ടുമെന്നും, പരിമിതമായ കാലയളവ് ഓഫര്‍ ആണെന്നും ആളുകളോട് പറയും. ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷനും വാഗ്‌ദാനം ചെയ്യും. ഫോണ്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് സോപ്പുകള്‍, ബെല്‍റ്റുകളൊക്കെയാണ് നല്‍കിയിരുന്നത്. പ്രതികളില്‍ നിന്ന് ലാപ്‌ടോപ്പുകള്‍,ബാര്‍ കോഡ് സ്‌കാനര്‍,86 ഫോണുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു.